Tuesday, July 29, 2008

ദൈവത്തിന് തൊട്ടുതാഴെ; സോട്ടോമേയര്‍

ഹൈജമ്പിന് പൂര്‍ണ്ണത പകര്‍ന്നത് ജാവിയര്‍ സോട്ടോമേയറാണ്. റെക്കോഡുകളുടെ കളിതോഴന്‍. ക്യൂബന്‍ മണ്ണില്‍ നിന്നെത്തിയ ഇതിഹാസ താരം. പക്ഷേ ഒളിമ്പിക്സ് അടക്കമുള്ള വേദികളില്‍ പലപ്പോഴും രാഷ്ട്രീയ പകപോക്കലിന്റെ ബലിയാടായി ഈ മനുഷ്യന്‍. എങ്കിലും ഉയരങ്ങളെ ചാടിക്കടക്കുന്നവര്‍ക്ക് ഇന്നും ദൈവത്തിനു തൊട്ടുതാഴെയാണ് സോട്ടോമേയര്‍.

1984 ലോസ് ഏഞ്ചലസ് ഒളിമ്പിക്സ്. നഷ്ട വെങ്കലത്തെ ചൊല്ലി പി.ടി. ഉഷ കണ്ണീരൊഴുക്കിയ വര്‍ഷം. സ്പിന്റിലും, ജംപിങ് പിറ്റിലും കാള്‍ ലൂയിസ് പറന്നിറങ്ങിയ വര്‍ഷം. പക്ഷേ മത്സരിക്കാതെ ശ്രദ്ധേയനായി ജാവിയര്‍ സോട്ടോമേയര്‍. ഒളിമ്പിക്സിന്‍ തൊട്ടു മുന്‍പ് തന്റെ പതിനാറാം വയസില്‍ സോട്ടോമേയറ് താണ്ടിയത് അന്നോളം അസാധ്യമായ 2.33 മീറ്റര്‍ ഉയരം. പുതിയ ലോക റേക്കോഡ്. പക്ഷേ ഈ പ്രതിഭയുടെ സാനിധ്യമറിയാന്‍ ലോസ് ഏഞ്ചലസിനു ഭാഗ്യമുണ്ടായില്ല. ക്യൂബ ഒളിമ്പിക്സ് ബഹിഷ്കരിച്ചു. ഫിഡല്‍ കാസ്ട്രോയ്ക്ക് എതിരെ സി.ഐ.എ. ആയുധം പണിയവേ ഓരോതവണയും പിന്നീടും സോട്ടോമെയറിന് ലോകമീറ്റുകള്‍ അന്യമായി. 1987 പാന്‍ അമേരിക്കന്‍ ഗയിംസില്‍ അദ്ദേഹം സ്വര്‍ണ്ണം നേടി. എതിരാളികളേക്കാല്‍ ഒരുപാട് ഉയരത്തില്‍. 1988 ലെ സോള്‍ ഓളിമ്പിക്സിനു മുന്‍പ് സോട്ടോമേയര്‍ തന്റെ റെക്കോര്‍ഡ് വീണ്ടും തകര്‍ത്തു. 2.43 മീറ്റര്‍. എന്നാല്‍ നിക്കരാഗ്വയ്ക്കും, ഉത്തര കോറിയയ്ക്കും പിന്തുണയേകി സോളിലേക്ക് ഇല്ലെന്ന് ക്യൂബ പ്രഖ്യാപിച്ചപ്പോള്‍ സോട്ടോമേയറിനെ സോളിനും നഷ്ടമായി.

പക്ഷേ ഒളിമ്പിക്സിനു പുറത്ത് സോട്ടോമേയര്‍ സ്വന്തം റെക്കോഡ് പുസ്തകം തിരുത്തിക്കൊണ്ടിരുന്നു. പലവട്ടം. 1989ല്‍ സാഞുവാന്‍ ഗയിംസില്‍ പുതിയ രേക്കോര്‍ഡ്. 2.45 മീറ്റര്‍. എട്ടടിയും അരയിഞ്ചും പിന്നിട്ട ഈ ഉയരം ഇന്നും അഭേദ്യം. ഒടുവില്‍ ഒളിമ്പിക്സ് സ്വര്‍ണ്ണത്തിന് സോട്ടോമേയറിനെ വരിക്കാന്‍ ഭാഗ്യം കിട്ടി. 1992 ല്‍. ഒന്‍പതു വര്‍ഷം ജമ്പിംഗ് പിറ്റ് അടക്കി ഭരിച്ച ശേഷം ആദ്യ ഒളിമ്പിക്സ് സ്വര്‍ണ്ണം. പക്ഷേ അറ്റ്ലാന്റയിലെ അടുത്ത ഒളിമ്പിക്സില്‍ സോട്ടോ മേയറിന്‍ ചാട്ടം പിഴച്ചു. പന്ത്രണ്ടാമനായി കണ്ണീരൊഴുക്കി സോട്ടോമേയര്‍ എന്ന ഇതിഹാസതാരം. സിഡ്നിയില്‍ വീണ്ടും കരുത്തു കാട്ടി. പക്ഷേ ഇത്തവണ വെള്ളിയിലൊതുങ്ങി ചാട്ടം. പക്ഷേ അതിനിടെ ഉത്തേജകമരുന്നിന്റെ ആരോപണങ്ങള്‍ സോട്ടോമേയറിനു ചുറ്റും വട്ടമിട്ട് പറന്നു. പലവട്ടം നിഷ്കളങ്കത തെളിയിച്ചിട്ടും പക്ഷേ 1998ല്‍ സോട്ടോമേയറിന് 2 വര്‍ഷത്തെ വിലക്ക്. കാസ്ട്രോ അടക്കമുള്ളവര്‍ സോട്ടോമേയറിനെ ന്യായീകരിച്ചു. എങ്കിലും ഉയരങ്ങളുടെ രാജകുമാരന്‍ സംശയക്കണ്ണിലായി. ക്യൂബന്‍ വിരുദ്ധ രാഷ്ട്രീയത്തിന് കായികരംഗത്ത് ഇരയാവുകയായിരുന്നു സോട്ടോമേയര്‍.


ഇപ്പോള്‍ ബീജിംഗില്‍ ഒളിമ്പിക്സ് അംബാസിഡറാണ് അദ്ദേഹം. ഹവാനയില്‍ കരീബിയന്‍ ചെണ്ടകളുടേ തകര മേളത്തിന് ഒപ്പിച്ച് ഇന്നദ്ദേഹം താള്‍ത്തിന്റെ പുതിയ ഉയരം തീര്‍ക്കുന്നു. 17 തവണ സോട്ടോമേയര്‍ സ്വന്തം റെക്കോര്‍ഡ് തിരുത്തി. 19 വര്‍ഷമായിട്ടും ആരും മറികടന്നിട്ടില്ലാത്ത 2.45 മീറ്ററിന്റെ റെക്കോര്‍ഡ് ഇന്നും സോട്ടോമേയറിന്‍ സ്വന്തം. ബീജിങ്ങില്‍ പുതിയ ഉയരം പിറന്നാലും സോട്ടോമേയര്‍ അനശ്വരനാണ് എന്തെന്നാല്‍ ഹൈജമ്പില്‍ തികവെന്തെന്ന് ലോകത്തെ അറിയിക്കാന്‍ ദൈവം നിയോഗിച്ചത് ഈ ക്യൂബക്കാരനെയാണ്.

8 comments:

അന്യന്‍ said...

"ഒരു ക്യൂബക്കാരന്‍
ലോകറെക്കോഡ്‌ നേടിയെന്നത്‌
സന്തോഷകരം തന്നെ..
ഒളിംപിക്സില്‍ പോലും
സാമ്രാജത്വശക്തികളോ
നവമുതലാളിത്തരാജ്യങ്ങളോ
ആണ്‌ സാധാരണ
റിക്കോര്‍ഡുകള്‍ സൃഷ്ടിക്കുന്ന
താരങ്ങളെ വാര്‍ത്തെടുക്കുന്നത്‌...
ദാരിദ്ര്യവും അരാജകത്വവും
കലാപവുമെല്ലാം അരങ്ങേറുന്ന
മൂന്നാം ലോകരാജ്യങ്ങളിലും,
ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലും
പ്രതിഭകള്‍ക്ക്‌ യാതൊരു പഞ്ഞവുമില്ല..
പക്ഷെ..വിശപ്പകറ്റാനുള്ള പോരാട്ടത്തില്‍
കളിക്കളത്തിലെ വിജയം
പലപ്പോഴും അവര്‍ക്കന്യമാവുന്നു
അവരത്‌ ആഗ്രഹിക്കുന്നുവെങ്കിലും...

പത്തൊമ്പതുവര്‍ഷമായി
ആരാലും മാറ്റപ്പെടാതെ
കിടക്കുന്ന ആ റെക്കോര്‍ഡ്‌
സൃഷ്ടിച്ചത്‌ അത്തരമൊരു
രാജ്യത്തിന്റെ സന്തതിയായതില്‍
സന്തോഷമുണ്ട്‌..
അമേരിക്കന്‍ വിരുദ്ധവികാരം
എന്ന ഒരേയൊരു തൂണിന്റെ
ബലത്തിലാണ്‌ കാസ്ട്രോയുടെ
രാജ്യം നിത്യദരിദ്രരായ
ഒരു ജനതയെ കബളിപ്പിക്കുന്നതെങ്കിലും.!!!"

തോന്ന്യാസി said...

വിധിയുടെ അല്ല...അധികാരവര്‍ഗ്ഗത്തിന്റെ മുഷ്കിന്റെ ബലിമൃഗം

ശിവ said...

ഹൈ ജമ്പിന്റെ പൂര്‍ണ്ണതയായ ജാവിയര്‍ സോട്ടോമേയറെ ഇവിടെ പരിചയപ്പെടുത്തിയതിന് നന്ദി....

ശിവ said...

ഹൈ ജമ്പിന്റെ പൂര്‍ണ്ണതയായ ജാവിയര്‍ സോട്ടോമേയറെ ഇവിടെ പരിചയപ്പെടുത്തിയതിന് നന്ദി....

ഉപാസന || Upasana said...

സോട്ടോമെയറിനെക്കുറിച്ച് കേട്ടിട്ടുണ്ട് ജയന്‍.
പക്ഷേ ഒളിം‌പിക്സില്‍ അദ്ദേഹത്തിന്റെ തിരോധാനത്തിന് പിന്നിലുള്‍ല രാഷ്ട്രീയമറിയില്ലായിരുന്നു.
:-)

നന്നായി ഈ കുറിപ്പ്.
ഇനിയും ഒരുപാട് പേരെ പരിചയപ്പെടുത്തുക.
:-)
എന്നും സ്നേഹത്തോടെ
ഉപാസന

പ്രിയ ഉണ്ണികൃഷ്ണന്‍ said...

സോട്ടോമെയര്‍ എന്ന ഇതിഹാസത്തെക്കുറിച്ചെഴുതിയത് ഉപകാരപ്രദമായി

നിരക്ഷരന്‍ said...

സോട്ടോമേയറെ പരിചയപ്പെടുത്തിയതിന് നന്ദി. സ്കൂളിലും ക്വാളേജിലുമൊക്കെ പഠിക്കുമ്പോള്‍ ഒരു ചിന്ന സോട്ടോമേയറായിരുന്നു ഈയുള്ളവനും.

vadavosky said...

Good Post Jayan