Tuesday, August 5, 2008

കൊടുങ്കാറ്റായി മരിയ വരുന്നു;അവസാന അംഗത്തിന്

ഒരു ഇതിഹാസ താരത്തിന്റെ വിടപറയലിന് ബീജിംഗ് ഒളിമ്പിക്സ് വേദിയാകും. തുടര്‍ച്ചയായ ആറാമത്തെ ഒളിമ്പിക്സിനു ശേഷം മരിയ മുട്ടോള വിരമിക്കുകയാണ്. ഇരുണ്ട ആഫ്രിക്കന്‍ മണ്ണിലെ മൊസാംബിക്ക് എന്ന രാജ്യത്തിന്റെ പതാകയേന്തി ലോകത്തെ വിസ്മയിപ്പിച്ച മരിയ മടങ്ങുമ്പോള്‍ എക്കാലത്തേയും മധ്യദൂര ഓട്ടക്കാരിയാണ് ട്രാക്ക് വിടുന്നത്.

കോഴിക്കോട്ടെ കാപ്പാട കടപ്പുറത്ത് കപ്പലിറങ്ങിയ 1498ല്‍ തന്നെയാണ് ആഫ്രിക്കയിലെ മൊസാമ്പിക്കും അടിമവ്യാപാരത്തിനു പറ്റിയ മണ്ണാണെന്ന് വാസ്കോ ഡി ഗാമ തിരിച്ചറിഞ്ഞത്. ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ ആഫ്രിക്കന്‍ തീരത്തുള്ള സാംബസീ നദിക്കരയിലെ മൊസാമ്പിക്ക് എന്ന കറുത്ത മണ്ണ് അങ്ങിനെ പോച്ചുഗീസ് കോളനിയായി. 1973ല്‍ മരിയാ മുട്ടോള ജനിക്കുമ്പോള്‍ ആഫ്രിക്കന്‍ വിമോചനപ്പോരാളികള്‍ അധികാരത്തെ തോക്കേന്തി വെല്ലുവിളിക്കുകയായിരുന്നു മൊസാംബിക്ക് തെരുവുകളില്‍. തലസ്ഥാനമായ മപ്പുട്ടോവിലെ പ്രാന്തങ്ങളില്‍ പച്ചക്കറി വിറ്റുനടന്ന അമ്മയ്ക്കും പത്തു ചേട്ടന്മാര്‍ക്കും ഒപ്പം അന്നേ ഓടിശീലിച്ചു മരിയയുടെ കുഞ്ഞുകാലുകള്‍. അപ്രതീക്ഷിത്മായി ആഞ്ഞുവീശുന്ന മൊസാംബിക്കിലെ ചുഴലിക്കാറ്റു പോലെയായിരുന്നു മരിയ. ആണ്‍ കുട്ടികള്‍ക്കൊപ്പം കാല്‍പ്പതുകളി കളിച്ച് അവള്‍ വളര്‍ന്നു.

കറുത്തു കൊലുന്നനെയുള്ള പെണ്‍കുട്ടിയില്‍ ഭാവി ചാമ്പ്യനെ കണ്ടത് മൊസാംബിക്ക് കവി ഹോസേ ക്രാവേരിയാണ്. കോച്ചിംഗ് ക്യാമ്പുകളില്‍ മരിയ വിസ്മയമായി. കാര്യമായ പരിശീലനമില്ലതെ തന്നെ പതിനഞ്ചാം വയസില്‍ സോള്‍ ഒളിമ്പിക്സില്‍ മികച്ച പ്രകടനം. 90ലെ ആഫ്രിക്കന്‍ ഗയിംസില്‍ സ്വര്‍ണ്ണം. വിദേശ പരിശീലനത്തിന് മൊസാംബിക്ക് സര്‍ക്കാര്‍ അനുമതി നിഷേധിച്ചു. മരിയ പതറിയില്ല. ഒടുവില്‍ ഇന്റര്‍നാഷണല്‍ ഒളിമ്പിക് കമ്മറ്റി ഇടപെട്ടു. ഒടുവില്‍ അമേരിക്കറ്യില്‍ പരിശീലനം. അത്ലറ്റുകള്‍ ട്രാക്കുമാറി മരിയയ്ക്കു മുന്നില്‍ ഇടിച്ചു വീണു. എന്നിട്ടും മരിയയ്ക്ക് നാലാം സ്ഥാനം. ബാര്‍സലോണയില്‍ അഞ്ചാമത്. അറ്റ്ലാന്റയില്‍ പ്രതീക്ഷ വാനോളം ഉയര്‍ത്തിയ ശേഷം വെങ്കലം. ഒടുവില്‍ കാത്തിരിപ്പിന് സിഡ്ണിയില്‍ വിരാമം. ഇരുണ്ട മൊസാമ്പിക്കിന് ആദ്യ ഒളിമ്പിക് സ്വര്‍ണ്ണം.

കഴിഞ്ഞ തവണ ഏതന്‍സില്‍ നാലാമതായിട്ടും പേശിവലിവില്‍ മരിയ സന്തോഷിച്ചു. എന്തെന്നാല്‍ സ്വര്‍ണ്ണം കൂട്ടുകാരി കെല്ലി ഹോംസിനായിരുന്നു. 14 തവണ മരിയ മുട്ടോള ലോക അത്ലറ്റിക് മീറ്റില്‍ ചാമ്പ്യനായി. ക്യൂബയുടെ അന്നാക്യൂറോട്ട്, ഓസ്ട്രിയയുടേ സ്റ്റെഫാനി ഗ്രാഫ്, റഷ്യയുടേ സ്വറ്റ്ലാനാ മസ്റ്റര്‍ക്കോവ തുടങ്ങി 800 മീറ്റര്‍ ട്രാക്കില്‍ മരിയയോടേറ്റ് തീപാറിച്ചവരെല്ലാം ഇത്തവണ കാഴ്ച്ചക്കാര്‍ മാത്രം. അവസാന ഒളിമ്പിക്സിന് മരിയ വരുന്നു ബീജിംഗിലേക്ക്. പോരാട്ടം കൌതുകകരമാണ്. മരിയ സ്ഥാപിച്ച ആഫ്രിക്കന്‍ റെക്കാര്‍ഡ് രണ്ടുമാസം മുന്‍പ് തിരുത്തിയ കെനിയന്‍ പെണ്‍കുട്ടി പമേലാ ജലീമോയും ഇത്തവണ ബീജിംഗിലുണ്ട്. സോളില്‍ മരിയ ഒളിമ്പിക്സില്‍ അരങ്ങേറിയതിന്റെ പിറ്റേക്കൊല്ലം മാത്രം ജനിച്ച പെണ്‍കുട്ടി. പക്ഷേ മരിയ പറയുന്നു “ അതെന്തുമാവട്ടെ ഒരാള്‍ക്ക് നിശ്ചയ ദാര്‍ഢ്യവും അയാളെ തോല്‍പ്പിക്കാന്‍ ആര്‍ക്കുമാകില്ല.” പറയുന്നത് മറ്റാരുമല്ല മരിയ. സാഹചര്യങ്ങളോട് മല്ലടിച്ച്; നിശ്ചയ ദാര്‍ഢ്യം ഒന്നുകൊണ്ടുമാത്രം ഏഴാം ഒളിമ്പിക്സിനെത്തിയ മരിയ മുട്ടോള.

2 comments:

പാമരന്‍ said...

inspiring!

rasmi said...

അംഗം അല്ല ജയാ, അങ്കം:)