Friday, April 10, 2009

മൂടിവയ്ക്കാനാകത്ത മിസൈല്‍ രാഷ്ട്രീയം

തെരഞ്ഞെടുപ്പുകാലത്ത് എല്ലാം രാഷ്ട്രീയമാണ്. ഒരോ സംഭവ വികാസങ്ങള്‍ക്കും രാഷ്ട്രീയത്തിന്റെ പ്രതിച്ഛായ വരും. ഓരോ ചലനവും രാഷ്ട്രീയമായി വ്യഖ്യാനിക്കപ്പെടും. യഥാര്‍ത്ഥ വസ്തുതകള്‍ക്ക് രാഷ്ട്രീയം മറയിടും. രാജ്യത്ത് ഇതു വരെ നടന്നിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ ഒരു അഴിമതിയാണെങ്കിലും അതിന്റെ അവസ്ഥ മറ്റൊന്നല്ല. മിസൈലിന്റെ രാഷ്ട്രീയമാണ് ഇന്ന് അരങ്ങേറുന്നത്. ദേശീയതലത്തിലത് കാര്യമായി ചര്‍ച്ച ചെയ്യപ്പെടാതെ പോകുന്നതും ഇക്കാരണത്താല്‍ തന്നെ. ഇന്ത്യയും ഇസ്രായേലും തമ്മില്‍ ഒപ്പുവച്ച ‘മധ്യദൂര വ്യോമപ്രതിരോധ മിസൈല്‍ MRSAM’ ഇടപാടിന് സംഭവിച്ചത് അതു രാഷ്ട്രീയ വല്‍ക്കരിക്കപ്പെട്ടു എന്ന ദുരന്തമാണ്.

യഥാര്‍‍ത്ഥ വസ്തുതകള്‍; മറയില്ലാതെ.

ആദ്യഘട്ടം:

2005 ലാണ് വ്യോമസേനയ്ക്ക് വ്യോമപ്രതിരോധ സംവിധാനം ശകതമാക്കുന്നതിന്റെ ഭാഗമായി പുതിയ വ്യോമപ്രതിരോധ മിസൈലുകള്‍ വാങ്ങിക്കുന്നതിന് കേന്ദ്ര പ്രതിരോധ മന്ത്രാലയം തീരുമാനിക്കുന്നത്. ഇസ്രായെലി ആയുധ കമ്പനിയായ ഇസ്രായേല്‍ എയ്റോ സ്പേസ് ഇന്റസ്റ്റ്ട്രീസും(IAI) D R D Oസംയുക്ത സംരഭമെന്ന നിലയിലാണ് മിസൈല്‍ നിര്‍മ്മിക്കുന്നതിന് ധാരണയായത്. ഇതു സംബന്ധിച്ച പ്രാധമിക നടപടിക്രമങ്ങള്‍ 2007ഓടെ സര്‍ക്കാര്‍ പൂര്‍ത്തിയാക്കി. 2007 ജൂലൈമാസത്തില്‍‍ കേന്ദ്ര മന്ത്രിസഭയുടെ സുരക്ഷാകാര്യങ്ങള്‍ക്കുള്ള സമിതി ഇസ്രായെലുമായി കരാര്‍ ഒപ്പു വയ്ക്കുന്നതിന് അനുമതി നല്‍കി. എന്നാല്‍ ആ ഘട്ടത്തിലാണ് കരാര്‍ സംബന്ധിച്ച് ചില സംശയങ്ങള്‍ കേന്ദ്ര നിയമ മന്ത്രാലയവും, കേന്ദ്ര വിജിലന്‍സ് കമ്മീഷണറും, അഡീഷണല്‍ സോളിസറ്റര്‍ ജനറലും അടക്കമുള്ളവര്‍ ഈ കരാറിനെക്കുറിച്ച് ഉന്നയിക്കുന്നത്. 2000ത്തില്‍ എന്‍.ഡി.എ സര്‍ക്കാരിന്റെ കാലത്ത് നടന്ന ബാരാക്ക് മിസൈല്‍ ഇടപാടില് അഴിമതി നടന്നു എന്ന ആരോപണം സി.ബി.ഐ അന്വേഷിച്ച് വരികയാണ്. ഈ അഴിമതിയാരോപണത്തില്‍ ഉള്‍പ്പെട്ടിട്ടൂള്ള ഒരു കമ്പനിയാണ് IAI. അതിനാല്‍ത്തന്നെ സി.ബി.ഐ അന്വേഷണം പൂര്‍ത്തിയാകുന്നതിനു മുന്‍പ് അതേ കമ്പനിയുമായി വീണ്ടും മറ്റൊരു കരാറില്‍ ഏര്‍പ്പെടുന്നത് സ്വാഭാവികമായും ഈ കരാറിനെക്കൂടി അന്വേഷണത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തും എന്നതാണ് അന്ന് ഉയര്‍ന്നു വന്ന ഏറ്റവും പ്രധാന ആശങ്ക. ഇതേ തുടര്‍ന്ന് കരാര്‍ നടപ്പാക്കുന്നത് തല്‍ക്കാലത്തേക്ക് നിര്‍ത്തി വയ്ക്കാന്‍ കേന്ദ്ര പ്രതിരോധമന്ത്രി ഏ.കെ.ആന്റണി DRDOയ്ക്ക് നിര്‍ദ്ദേശം നല്‍കി.

രണ്ടാംഘട്ടം:
2007 ജൂലൈമാസം ഏറെക്കുറേ നിലച്ച കരാര്‍ നടപടികള്‍ക്ക് വീണ്ടും ജീവന്‍ വയ്ക്കുന്നത് 2008 അവസാനത്തോടെയാണ്. കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് DRDO കരാര്‍ നടപടികള്‍ മുന്നോട്ടു നീക്കി. ഇസ്രായേല്‍ അധികൃതരുമായുള്ള അവസാനവട്ട ചര്‍ച്ചകളും മറ്റ് നടപടിക്രമങ്ങളും പെട്ടെന്ന് തീര്‍ത്തു. 2മാസം കൊണ്ട് കരാര്‍ ഒപ്പുവയ്ക്കാന്‍ പാകത്തിലായി. 2009 ഫെബ്രുവരി 27ന് ഇന്ത്യ 10000 കോടിരൂപയുടെ മധ്യദൂര വ്യോമപ്രതിരോധ മിസൈല്‍ MRSAM ഇടപാടില്‍ IAIയുമായി ഒപ്പുവച്ചു. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് വെറും 3 ദിവസം മുന്‍പ്. DRDOയുമായി ചേര്‍ന്ന് സംയുക്ത സംരംഭം എന്ന നിലയ്ക്ക് കരാര്‍. മിസൈല്‍ ഉല്പാദനം ഇന്ത്യയില്‍ DRDOയുടെ നേതൃത്വത്തില്‍. മറ്റ് സാങ്കേതിക വിദ്യകളും സഹായവും ഇസ്രായേല്‍ നല്‍കും. ഇതിന് ആകെയുള്ള 10000ല്‍ 7000കോടി IAIയ്ക്ക്. ബാക്കി 3000 കോടി DRDOയ്ക്ക്. ഈഘട്ടം വരെ ധൃതിപ്പെട്ടൂള്ള നടപടിക്രമ്മൊഴിച്ചാല്‍ മറ്റ് ആശങ്കകള്‍ക്കൊന്നും ഇടം കൊടുക്കാത്ത കരാര്‍. ഒപ്പം വ്യവസ്ഥകള്‍.

കരാറിലെ സംശയമുണര്‍ത്തുന്ന ഘടകങ്ങള്‍

മുംബൈ ഭീകരാക്രമണത്തിനു ശേഷമാണ് പ്രതിരോധ രംഗത്ത് ആധുനീക വല്‍ക്കരണം അടിയന്തരമായി പൂര്‍ത്തിയാക്കണമെന്ന് ഇന്ത്യ തീരുമാനിച്ചത്. കാരണം ഇന്ന് ഇന്ത്യന്‍ പ്രതിരോധ രംഗത്ത് ഉപയോഗിക്കുന്ന ഒട്ടുമിക്ക ആയുധങ്ങളും പഴയ സോവ്യേറ്റ് കാലത്ത് വാങ്ങിച്ച് കൂട്ടിയവയാണ്. ലോകത്ത് അഞ്ചാം തലമുറ ആയുധങ്ങള്‍ അതിന്റെ മൂര്‍ദ്ധന്യ്ത്തിലെത്തി നില്‍ക്കുമ്പോളാണ് ഇന്ത്യ ഇന്നും മൂന്നാം തലമുറയില് നില്‍ക്കുന്നതെന്നത് വസ്തുത തന്നെയാണ്. ഇതിന് ഒരു മാറ്റം വരുത്തുക എന്നത് ലക്ഷ്യം വച്ചാണ് അത്യന്താധുനിക ആയുധങ്ങള്‍ വാങ്ങിച്ചുകൂട്ടാന്‍ ഇന്ത്യ തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി അമേരിക്ക, റഷ്യ, എന്നീ രാജ്യങ്ങളുമായും, വിവാദ കരാറിനു പുറമേ ഇസ്രായേലുമായും പല ആയുധ ഇടപാടുകളും ഇന്ത്യ ഈ ചുരുങ്ങിയ കാലത്തിനിടയ്ക്ക് നടത്തിയിട്ടുണ്ട്. ഇതിലൊന്നും ഉയര്‍ന്നു വന്നിട്ടില്ലാത്ത അഴിമതിയാരോപണം എന്തു കൊണ്ട് ഈ ഒരു കരാറില്‍ മാത്രം വരുന്നു. ക്രമ വിരുദ്ധമായി എന്തെങ്കിലും ഈ ഇടപാടില്‍ നടന്നിട്ടുണ്ടോ..? കരാറിനെക്കുറിച്ച് അല്ലെങ്കില്‍ ഇന്ത്യയുടെ വ്യോമപ്രതിരോധത്തിനായി ഇത്തരമൊരു മിസൈലിന്റെ ആവശ്യകതയെക്കുറിച്ചും ഒരു സംശയവും ആരും ഉയര്‍ത്തിയിട്ടില്ല. പക്ഷേ എന്നിട്ടും ഈ ഇടപാടില്‍ അഴിമതിയാരോപിക്കപ്പെടുന്നു. കരാറിന്റെ നടപടിക്രമങ്ങളില്‍ പല‍ഘട്ടങ്ങളിലും ഉണ്ടായിരുന്ന വളരെ വ്യക്ത്മായ ക്രമക്കേടുകള്‍ തന്നെയാണ് ഈ ആരോപണങ്ങളെ ബലപ്പെടുത്തുന്നത്.

1) കരാറിലെ 6 ശതമാനം ബിസിനസ് ചാര്‍ജ്ജ്.
10000 കോടി രൂപയുടെ ഒരു കരാറില്‍ 6ശതമാനം തുക അതായത് 600 കോടി രൂപ ബിസിനസ് ചാര്‍ജ്ജ് ഇനത്തില്‍ നല്‍കിയ നടപടിയാണ് കരാറിലെ ഏറ്റവും സന്ദേഹമുണര്‍ത്തുന്ന ഘടകം. എന്താണ് ബിസിനസ് ചാര്‍ജ് എന്ന് വ്യക്തമായി വിശദീകരിക്കാന്‍ സര്‍ക്കരിന് പറ്റുന്നില്ല എന്നതാണ് ഇക്കാര്യത്തിലെ ഏറ്റവും ശ്രദ്ധേയമായ വസ്തുത. ട്രാന്‍സ്പോര്‍ട്ടേഷന്‍, ഇന്‍ഷൂറന്‍സ്, വാരന്റി എന്നിവയാണ് ബിസിനസ് ചാര്‍ജ് ഇനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് സര്‍ക്കാര്‍ പറയുന്നു. എന്നാല്‍ ഇത്ര ഭീമമായ തുക ഇക്കാര്യങ്ങള്‍ക്ക് വരുമോ എന്നതിനും, ഈ പറയുന്ന ഓരോന്നിനും എത്ര വീതമാണ് വകയിരുത്തിയത് എന്നതിനും മറുപടി പറയാന്‍ സര്‍ക്കാരിനാകുന്നില്ല. അത്തരം കണക്കുകള്‍ കരാറില്‍ കാണിച്ചിട്ടില്ല എന്നതാണ് വസ്തുത.

2) ഇസ്രായേലിന്റെ വെളിപ്പെടുത്തല്‍
കരാറില്‍ ക്രമവിരുദ്ധമായി പലതും നടന്നിട്ടുണ്ട് എന്ന് ഏറ്റവും കൂടുതല്‍ സംശയം ജനിപ്പിച്ച ഘട്ടമാണ് ഇത്. 2009 ഫെബ്രുവരി 27നാണ് കരാറില്‍ ഇന്ത്യ ഒപ്പുവയ്ക്കുന്നത്. എന്നാല്‍ കരാറിന്റെ വിശദാംശങ്ങള്‍ പുറത്തു വരുന്നത് ഒരുമാസം കഴിഞ്ഞ് മാര്‍ച്ച് 26ന്. ഒരു ദേശീയമാധ്യമം പുറത്തുവിട്ട വാര്‍ത്ത. ഏത് കരാറില്‍ ഒപ്പു വച്ചാലും അതിന് പ്രചുരപ്രചാരം കൊടുക്കാറുള്ള സര്‍ക്കാര്‍ എന്തിന് ഈ കരാര്‍ മാത്രം രഹസ്യമാക്കി വച്ചു. അത് പുറത്തായത് തോട്ടടുത്ത ദിവസമാണ്. ഇന്ത്യയില്‍ കരാര്‍ സംബന്ധിച്ച് വാര്‍ത്ത പുറത്തു വന്ന തൊട്ടടുത്ത ദിവസം മാര്‍ച്ച് 27ന് ഇസ്രായേല്‍ പ്രതിരോധ അധികൃതരും, കരാറിലൊപ്പുവച്ച IAIയും സംയുക്ത്മായി ജറുസലേമില്‍ ഒരു വാര്‍ത്താ സമ്മേളനം വിളിച്ച് കരാറിന്റെ വിശദാംശങ്ങള്‍ ഔദ്യോഗികമായി പുറത്തു വിടുന്നു. ഒപ്പം ഞട്ടിപ്പിക്കുന്ന ഒരു വെളിപ്പെടുത്തലും ഇസ്രായേല്‍ അധികൃതര്‍ അന്ന നടത്തി. ഈ കരാര്‍ ഇത്രകാലവും രഹസ്യമായി വച്ചത് ഇന്ത്യയുടെ കര്‍ശനമായ നിര്‍ദ്ദേശത്തെ തുടര്‍ന്നായിരുന്നു. ഒരു കാര‍ണവശാലും ഈ തെരഞ്ഞെടുപ്പുകാലത്ത് ഇങ്ങിനെ ഒരു വാര്‍ത്ത പുറത്തു പോകരുത് എന്ന് കേന്ദ്ര സര്‍ക്കാര്‍ ആഗ്രഹിച്ചിരുന്നെങ്കില്‍ അത് എന്തുകൊണ്ട്...?

3) കരാറില്‍ ബിസിനസ് ചാര്‍ജ് നല്‍കിയെന്ന കോണ്‍ഗ്രസ് സ്ഥിരീകരണവും IAIയിലെ ഒരു ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തലും.‍
കരാര് ‍സംബന്ധിച്ചും കരാറിലെ ബിസിനസ് ചാര്‍ജ് സംബന്ധിച്ചും ആദ്യമായി ഭരണകക്ഷിയായ കോണ്‍ഗ്രസിന്റെ വിശദീകരണം വന്ന ദിവസം. കരാറിന് 6 ശതമാനം ബിസിനസ് ചാര്‍ജ് ഇനത്തില്‍ ഇളവ് ചെയ്തു എന്ന് കോണ്‍ഗ്രസ് സമ്മതിക്കുന്നു. കോണ്‍ഗ്രസ് വക്താവ് മനു അഭിഷേക് സിംവിയാണ് പതിവ് കോണ്‍ഗ്രസ് വാര്‍ത്താ സമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി ഇക്കാര്യം സംബന്ധിച്ച് ആദ്യമായി വിശദീകരിച്ചത്. കരാറിലെ അഴിമതി സാധ്യത കോണ്‍ഗ്രസ്സ് നിഷേധിച്ചുവെങ്കിലും ഭരണകക്ഷി എന്ന നിലയ്ക്ക് കരാറില്‍ ഒപ്പു വച്ച് ഒരുമാസത്തിനു ശേഷം ഇക്കാര്യത്തില്‍ വന്ന കോണ്‍ഗ്രസ്സിന്റെ ആദ്യ സ്ഥിരീകരണമായിരുന്നു ഇത്. ഒപ്പം അഴിമതിയാരോപണം ഉന്നയിക്കപ്പെട്ട് നാലു ദിവസങ്ങള്‍ക്കു ശേഷം മാത്രം. എന്നാല്‍ ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നോ കേന്ദ്ര പ്രതിരോധ മന്ത്രാലയത്തില്‍ നിന്നോ അതുവരെ ഒരു പ്രതികരണവും വന്നിരുന്നില്ല എന്നതും എടുത്തു പറയേണ്ടതുണ്ട്. എന്നാല്‍ അതേ ദിവസമാണ് IAIയിലെ ഒരു ഉദ്യോഗസ്ഥന്‍ ഇസ്രായേലില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന പ്രമുഖ ഇംഗ്ലീഷ് ദിനപത്രമായ ‘ജറൂസലേം പോസ്റ്റില്‍’ ഒരു വെളിപ്പെടുത്തല്‍ നടത്തിയത്. “ഈ ഇടപാടില്‍ ബിസിനസ് ചാര്‍ജ് ഇനത്തില്‍ നല്‍കിയത് യധാര്‍ത്ഥത്തില്‍ 9 ശതമാനമായിരുന്നു. അതായത് 900 കോടി രൂപ. കണക്കുകളില്‍ ചേര്‍ക്കാന്‍ അത് 6 ശതമാനമാക്കി കാണിച്ചതാണ്.” ഇതിലും സര്‍ക്കാരിന് പക്ഷേ മറുപടിയില്ല.

4) DRDOയുടെ വിശദീകരണം ബാക്കിയാക്കുന്ന ആശങ്കകള്‍.

കരാറിലെ അസ്വാഭാവികത വെളിപ്പെടുത്തുന്ന കൂടുതല്‍ തെളിവുകളായിരുന്നു ഇത്. അഴിമതിയാരോപണത്തെ പ്രതിരോധിക്കാന്‍ സര്‍ക്കാരിന്റെ തന്നെ നിര്‍ദ്ദേശത്തില്‍ DRDO പുറത്തിറക്കിയ ഒരു വാര്‍ത്താക്കുറിപ്പ്. അതിലെ തികച്ചും നിര്‍ദ്ദോഷമെന്ന് തോന്നിക്കുന്ന ഒരു വരിയാണ് സര്‍ക്കാരിനെ സംബന്ധിച്ച് കൂടുതല്‍ തലവേദനയായത്. കരാറിന്റെ പ്രാധമികഘട്ടത്തില്‍ കേന്ദ്ര നിയമമന്ത്രാലയവും, കേന്ദ്ര വിജിലന്‍സ് കമ്മീഷണറും, അഡീഷണല്‍ സോളിസറ്റര്‍ ജനറലും ഇതു സംബന്ധിച്ച് ആശങ്ക പ്രകടിപ്പിച്ചിരുന്നു. അന്ന് അത് മറികടക്കാന്‍ വ്യോമസേനയെക്കൊണ്ട് ഇന്ത്യയുടെ വ്യോമപ്രതിരോധ രംഗം കടുത്ത പ്രതിസന്ധി നേരിടുകയാണ് എന്ന് അടിയന്തര റിപ്പോര്‍ട്ട് തയാറാക്കിച്ച് അതിന്റെ അടിസ്ഥാനത്തിലാണ് കരാര്‍ നടപ്പാക്കിയത് എന്നാണ് DRDO പുറത്തിറക്കിയ ഒരു വാര്‍ത്താക്കുറിപ്പ് പറയുന്നത്. അതായത് കരാറിലെ ആശങ്കകള്‍ പരിഹരിക്കാന്‍ വ്യോമസേനയെ സര്‍ക്കാര്‍ ഉപയോഗിക്കുകയായിരുന്നു. വ്യോമപ്രതിരോധം കടുത്ത ഭീഷണി നേരിടുന്നുവെന്ന് തല്‍ക്കാലത്തേക്കെങ്കിലും വരുത്തി തീര്‍ക്കുകയായിരുന്നു.

5) ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച Advance Air Defense Systom (AADS)വും, ആകാശ് മിസൈലും ഇതേ ശ്രേണിയില്‍ ഉണ്ട് എന്നിരിക്കെ ഇത്രയും ഭീമമായ തുകചിലവിട്ട് പുതിയ മിസൈലുകള്‍ വാങ്ങിക്കേണമായിരുന്നൊ? മികച്ച കാര്യ ശേഷിയാണ് സര്‍ക്കാര്‍ ഇതിന് പറയുന്ന ന്യായീകരണം. എന്നാല്‍ ഇന്ത്യയുടേ ഈ രണ്ട് വ്യോമപ്രതിരോധ സംവിധാനങ്ങളും ഇസ്രായേലി മിസൈലുകളുമായി താരതമ്യം ചെയ്യുമ്പോള്‍ വലിയ വ്യത്യാസമില്ല എന്നതാണ് വസ്തുത. 60 മുതല്‍ 70 കിലോമീറ്റര്‍ വരെയാണ് AADSന്റെ ദൂര പരിധി. ആകാശിനാണെങ്കില്‍ 25മുതല്‍ 50 വരെയും ദൂരപരിധി ഉണ്ട്. പിന്നെ ഈ മിസൈലുകള്‍ക്ക് ഉള്ള ചില സാങ്കേതിക പ്രശ്നങ്ങള്‍. ഇപ്പോള്‍ ചിലവഴിച്ചതിന്റെ നാലിലൊന്ന് ചിലവിട്ടാല്‍ പരിഹരിക്കാവുന്ന പ്രശ്നം മാത്രം. എന്നിട്ടും ഇന്ത്യ ഇവിടെ ഇസ്രായേലിന്റെ പിറകെ പൊയി. അധികൃതര്‍ അവകാശപ്പെടുന്നതു പോലെ കൂടുതല്‍ കാര്യ ശേഷിതേടിയാണ് എങ്കില്‍. അതിനെക്കാള്‍ മികച്ച ദൂരപരിധിയും, പ്രഹരശേഷിയും ഉള്ള മധ്യദൂര വ്യോമപ്രതിരോധ മിസൈലുകള്‍ നിലവില്‍ അന്താരാഷ്ട്ര തലത്തില്‍ നിലവിലുണ്ട്. അമേരിക്കയുടേയും, റഷ്യയുടേയും, ഫ്രാന്‍സിന്റേയും പക്കല്‍ 150 മുതല്‍ 250വരെ കിലോമീറ്റര്‍ ദൂര പരിധിയുള്ള മിസൈലുകള്‍ ഉണ്ട്. എന്തുകൊണ്ട് അവയൊന്നും വാങ്ങിക്കുവാന്‍ ഇന്ത്യ തയ്യറായില്ല..? താരതമ്യേന കുറഞ്ഞ ശേഷിയുള്ള ഇസ്രായേല്‍ മിസൈല്‍ മതിയോ ഇന്ത്യപോലെ വിശാലമായ ഒരു രാജ്യത്തിന്റെ വ്യോമ പ്രതിരോധത്തിന്..?

6)എസ്.എല്‍ സുര്‍വിയുടെ വെളിപ്പെടുത്തല്‍
പ്രതിരോധ വകുപ്പിലെ വിവാദമായ യുദ്ധമുറി രഹസ്യ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് 2007ല്‍ അറസ്റ്റിലായ ഒരു വ്യോമസേനാ ഉദ്യോഗസ്ഥനാണ് വിംങ് കമാന്റര്‍ എസ്.എല്‍ സുര്‍വ്വി. ഇപ്പോള്‍ ഡ്ല്ഹിയില്‍ തീഹാര്‍ ജയിലില്‍ തടവില്‍ കഴിയുന്ന ഒരു ഉദ്യോഗസ്ഥന്‍. തന്റെ നിരപരാധിത്തം ചൂണ്ടിക്കാട്ടി 2008 മാര്‍ച്ചില്‍ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി, ലോകസഭാ സ്പീക്കര്‍ സോമനാധ് ചാറ്റര്‍ജി, കേന്ദ്ര വിജിലന്‍സ് കമ്മീഷണര്‍, എന്നിവര്‍ക്ക് അയച്ച ഒരു എഴുത്ത്. അതിലെ ചില പരാമര്‍ശങ്ങള്‍ കരാറിന്റെ പ്രാരംഭ ഘട്ടം മുതല്‍ക്കു തന്നെ ഇതില്‍ ഗൂഢാലോചനകള്‍ നടന്നു എന്ന് വ്യക്തമാക്കുന്നതായിരുന്നു. പ്രതിരോധ വകുപ്പിലെ ചില മുതിര്‍ന്ന ഉദ്യോഗസ്ഥരെ പേരെടുത്ത് പരാമര്‍ശിക്കുന്ന ഈ എഴുത്ത്‍ ഇസ്രായേലിനു അനുകൂലമായി അന്നു തന്നെ ചില നീക്കങ്ങള്‍ ഉണ്ടായിരുന്നു എന്ന് വ്യക്തമാക്കുന്നുണ്ട്. “2005ല്‍ മധ്യദൂര വ്യോമപ്രതിരോധ മിസൈല്‍ വാങ്ങിക്കുവാന്‍ ഇന്ത്യ തീരുമാനിക്കുന്നു. ഇതു സംബന്ധിച്ച് പ്രാധമിക പഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കേന്ദ്ര പ്രതിരോധ മന്ത്രാലയം വ്യോമസേനയ്ക്ക് നിര്‍ദ്ദേശം നല്‍കി. പഠനം പൂര്‍ത്തിയാക്കിയ വ്യോമസേന റിപ്പോര്‍ട്ട് നല്‍കി. ഇന്ത്യയ്ക്ക് ആവശ്യമായ വ്യോമപ്രതിരോധ മിസൈലിന് ചുരുങ്ങിയത് 150 കിലോമീറ്ററെങ്കിലും ദൂരപരിധി വേണമെന്ന് വ്യോമസേന നിര്‍ദ്ദേശിച്ചു. എന്നാല്‍ അന്ന് പ്രതിരോധ വകുപ്പിലെ ചില ഉദ്യോഗസ്ഥരുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ഈ ദൂരപരിധി 70 കിലോമീറ്ററായി ചുരുക്കി. അന്ന് ലോക ആയുധ കമ്പോളത്തില്‍ ഇതിലും മികച്ച മിസൈലുകള്‍ ഉണ്ടായിരിക്കെ താരതമ്യേന ദൂര പരിധി കുറഞ്ഞ ഈ മിസൈലിനു വേണ്ടി ചില ഉദ്യോഗസ്ഥര്‍ സമ്മര്‍ദ്ദം ചെലുത്തുന്നത് ഇസ്രായെലിനു വേണ്ടിയാണെന്ന് സംശയിക്കുന്നു.” 2008ല്‍ കരാര്‍ നടപടിക്രമങ്ങള്‍ ഏറെക്കുറെ അനിസ്ചിതാവസ്ഥയിലിരുന്ന ഒരു കാലത്ത് ഒരു മുന്‍ഉദ്യോഗസ്ഥന്‍ അദ്ദേഹം സര്‍വ്വീസിലിരുന്ന കാലത്തെ ചില ഗൂഢാലോചനകളെക്കുറിച്ചു നടത്തിയ ചില പരാമര്‍ശങ്ങളാണ് ഇത്. ഒരു വര്‍ഷത്തിനു ശേഷം ഈ കരാറില്‍ അഴിമതിയാരോപിക്കപ്പെടുമ്പോള്‍ ക്രമവിരുദ്ധമായ പലതും ഇതില്‍ നടന്നു എന്ന സംശയങ്ങള്‍ ബലപ്പെടുത്തുന്നതു തന്നെയാണ് ഈ ആരോപണവും.

7) കേന്ദ്ര പ്രതിരോധ വിജിലന്‍സിന്റെ മാര്‍ഗ രേഖയുടെ ലംഘനം.
2008 ഒക്ടോബറില്‍ കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന്റെ വിജിലന്‍സ് വിഭാഗം; സി.ബി.ഐ അന്വേഷണ പരിധിയിലുള്ള ഇസ്രായേല്‍ ആയുധ കമ്പനികളുമായുള്ള IAIയുമായും RAFAELഉമായും എങ്ങിനെയായിരിക്കണം തുടര്‍ന്നുള്ള കാലത്ത് ഇടപാടുകള്‍ എന്നത് സംബന്ധിച്ച് വിശദമായ ഒരു മാര്‍ഗരേഖ പുറത്തിറക്കി. ഇവരുമായുള്ള ഇടപാടുകളില്‍ ഒരു അന്വേഷണ സാധ്യത ഒഴിവാക്കുന്നതിനു വേണ്ടികൂടിയായിരുന്നു പ്രതിരോധ വിജിലന്‍സിന്റെ ഈ നടപടി. ഇതില്‍ വളരെ കൃത്യമായി പറയുന്ന 2 കാര്യങ്ങളുടെ ലംഘനമാണ് പിന്നെ കരാറില്‍ നടന്നിട്ടുള്ളത് എന്നത് ഏറെ ആശങ്കയ്ക്ക് ഇടവയ്ക്കുന്ന വസ്തുതയാണ്. ഈ രണ്ട് ഇസ്രായേല്‍ കമ്പനികളുമായി ഒരു കാരണവശാലും ഒറ്റടെണ്ടര്‍ ഇടപാടുകള്‍ പാടില്ല എന്നതായിരുന്നു വിജിലന്‍സ് മാര്‍ഗരേഖയിലെ എറ്റവും സുപ്രധാനമായ ഒരു നിര്‍ദ്ദേശം. ആഗോള ടെന്റര്‍ ആണെങ്കില്‍ ഈ കമ്പനികളെകൂടി ഉള്‍പ്പെടുത്താം. എന്നാല്‍ ഈ ടെന്ററുകള്‍ കൃത്യമായ പരിശോധനകള്‍ക്കു ശേഷം മാത്രമേ ഇക്കാര്യത്തില്‍ മറ്റ് നടപടിക്രമങ്ങള്‍ തുടങ്ങാവൂ. മാത്രവുമല്ല ഈ കമ്പനികളുമായുണ്ടാക്കുന്ന ഏതു കരാറുകളും നിയമ വശം പൂര്‍ണ്ണമായും പരിശോധിച്ച് വിജിലന്‍സിന്റെ സമ്മത പത്രവും കൂടി വാങ്ങിച്ച ശേഷം മാത്രമേ മുന്നോട്ടു നീക്കാവൂ എന്നുമായിരുന്നു പ്രതിരോധ വകുപ്പിന്റെ നിര്‍ദ്ദേശം. എന്നാല്‍ ഈ രണ്ട് നിര്‍ദ്ദേശങ്ങളും കരാര്‍ വേളയില്‍ സര്‍ക്കാര്‍ കാറ്റില്‍ പറത്തി. വിജിലന്സിന്റെ സമ്മത പത്രമില്ലതെ ഒറ്റടെന്ററായിത്തന്നെ സര്‍ക്കാര്‍ കരാറിലൊപ്പുവച്ചു.

ദുരൂഹതകള്‍ മാത്രം ബാക്കിയാക്കുന്ന നിരവധി വസ്തുതകള്‍. കരാറിലെ അഴിമതി വ്യക്തമാക്കുന്ന നിരവധി തെളിവുകള്‍. അഴിമതി നടന്നിട്ടില്ല എന്ന പതിവു പല്ലവിക്കപ്പുറം, ഇവിടെ ഉന്നയിക്കപ്പെട്ട വസ്തുനിഷ്ഠമായ സംശയങ്ങള്‍ക്കൊന്നും മറുപടി പറയാനില്ലാത്ത സര്‍ക്കാര്‍. പ്രതിരോധ മന്ത്രി ആവര്‍ത്തിച്ച് പറയുന്നതും ഇതു തന്നെ കരാറില്‍ അഴിമതി നടന്നിട്ടില്ല. അഴിമതി തെളിഞ്ഞാല്‍ ഇക്കാര്യത്തില്‍ നടപടിയെടുക്കും. ഇതല്ലാതെ കരാറുണര്‍ത്തുന്ന സന്ദേഹങ്ങള്‍ക്കൊന്നും ആന്റണിക്ക് മറുപടിയില്ല. മറ്റ് ചോദ്യങ്ങളില്‍ നിന്നെല്ലാം അദ്ദേഹം ഒഴിഞ്ഞുമാറുന്നു. ഇവിടെ ഉന്നയിക്കപ്പെടുന്ന പ്രശ്നം ഇതാണ്. ഇന്ത്യയും ഇസ്രായേലുമായി ഉണ്ടാക്കിയ മധ്യദൂര വ്യോമപ്രതിരോധ മിസൈല്‍ (MRSAM) ഇടപാടില്‍ ക്രമവിരുദ്ധമായ പലതും നടന്നിട്ടുണ്ട് . എന്നാല്‍ അതിനര്‍ത്ഥം ഒരിക്കലും ഈ ഇടപാടില്‍ പ്രതിരോധമന്ത്രി അഴിമതി നടത്തി എന്നല്ല. ഈ ആരോപണം ഉന്നയിക്കപ്പെട്ടിട്ടുള്ളത് ഒരിക്കലും എ.കെ.ആന്റണി എന്ന വ്യക്തിക്കെതിരായിട്ടല്ല. പകരം കേന്ദ്രപ്രതിരോധ മന്ത്രാലയത്തിനെതിരായിട്ടാണ്. പ്രതിരോധ മന്ത്രി എന്ന നിലയ്ക്ക് ഈ ആരോപണങ്ങള്‍ക്കും, കരാറുമായി ഉയര്‍ന്നു വന്നിട്ടുള്ള ഓരോ സന്ദേഹങ്ങള്‍ക്കും മറുപടി പറയാന്‍ അദ്ദേഹം ബാധ്യസ്ഥനാണ്. എന്നാല്‍ ഇവിടെ കരാറില്‍ അഴിമതിയില്ല എന്ന് മാത്രം അദ്ദേഹം ആവര്‍ത്തിച്ചു കൊണ്ടിരിക്കുന്നു. ഇതാണ് കരാര്‍ സംബന്ധിച്ച ആശയക്കുഴപ്പം കൂടുതല്‍ ബലപ്പെടുത്തുന്നത്.

കരാര്‍ രാഷ്ട്രീയ വല്‍ക്കരിക്കപ്പെടുമ്പോള്‍

ഇന്ത്യകണ്ട ഏറ്റവും വലിയ പ്രതിരോധ അഴിമതി എന്നതിനപ്പുറത്ത് വ്യക്തമായ ചില രാഷ്ട്രീയ നിലപാടുകള്‍ തന്നെയാണ് തല്‍ക്കാലത്തേക്കെങ്കിലും ഈ വിവാദത്തെ ഇപ്പോള്‍ മുന്നോട്ട് നയിക്കുന്നത്. നേരത്തെ 1987ലാണ് ആദ്യമായി പ്രതിരോധ രംഗത്തെ അഴിമതിയുടെ ഭൂതം ആവേശിക്കുന്നത്. രാജീവ് ഗാന്ധി സര്‍ക്കാരിന്റെ കാലത്ത് നടന്ന ബൊഫോര്‍സ് ആയുധ ഇടപാട്. ഇന്ത്യ അന്നോളം കണ്ട ഏറ്റവും വലിയ അഴിമതി. 64 കോടി ‍രൂപയുടെ അഴിമതി. ആ അഴിമതിയാരോപണം ഉയര്‍ന്നു വന്ന് 22 വര്‍ഷം പിന്നിട്ടതിനിടയ്ക്ക് ഉണ്ടായിട്ടുള്ള മറ്റ് വന്‍ അഴിമതികള്‍. ആ ആഴിമതികളെയെല്ലാം കടത്തിവെട്ടിക്കോണ്ട് ഇന്ത്യാ ചരിത്രത്തില്‍ ഇന്നോളമുണ്ടായിട്ടുള്ളതില്‍ ഏറ്റവും വലിയ ഒരു അഴിമതിയാരോപണമാണ് ഇപ്പോള്‍ ഉന്നയിക്കപ്പെട്ടിട്ടുള്ളത്. 600 കോടിയുടെ അഴിമതിയാരോപണം. നേരത്തെ രാജീവ് ഗാന്ധി സര്‍ക്കാരിനെതിരെ 64 കോടിയുടെ അഴിമതിയാരോപിക്കപ്പെട്ടപ്പോള്‍ ആ സര്‍ക്കരിനെ തൊട്ടടുത്ത തെരഞ്ഞെടുപ്പില്‍ വെരോടെ ചുഴറ്റിയെറിഞ്ഞ ഒരു പാരമ്പര്യം ഇന്ത്യന്‍ ജനാധിപത്യത്തിനുണ്ട്.എന്നാല്‍ കാര്യങ്ങള്‍ ഇപ്പോള്‍ എവിടെ എത്തി നില്‍ക്കുന്നു എന്നു മാത്രം ഓര്‍ക്കുക. ഇത്ര വലിയ ഒരു ആരോപണം ഉന്നയിക്കപ്പെട്ടിട്ടും ഇത് ഒരുപക്ഷേ കേരളത്തില്‍ മാത്രം ചര്‍ച്ചചെയ്യപ്പെടുന്നു. ദേശീയതലത്തിലിത് സി.പി.എമ്മിനപ്പുറം മറ്റാരും തിരിഞ്ഞു നോക്കുന്നില്ല. മുന്‍പ് രാജീവ് ഗാന്ധി മറിച്ചിടാന്‍ ധീരഘോരം ദേശീയതലത്തില്‍ ബൊഫേര്‍സ് ഇടപാടിനെതിരെ കൊടിപിടിച്ച ബി.ജെ.പി. ഇവിടെ എന്തു ചെയ്തു. കോണ്‍ഗ്രസിനെതിരെ എന്തിനും ഏതിനും അഴിമതി ആരോപിക്കാറുള്ള ബിജെപി ഇക്കാര്യത്തില്‍ ഒരു വാര്‍ത്താ കുറിപ്പു പോലും ഇതുവരെ ഇറക്കിയിട്ടില്ല. അഴിമതിയാരോപണം ഉയര്‍ന്നു കഴിഞ്ഞ് 5 ദിവസങ്ങള്‍ക്ക് ശേഷം മാധ്യമ പ്രവര്‍ത്തകരുടെ ആവര്‍ത്തിച്ചുള്ള ചോദ്യങ്ങള്‍ക്ക് ബിജെപി വകതാവ് പ്രകാശ് ജാവ്ഡേകര്‍ പറഞ്ഞ ഒരു ഒറ്റവരി മറുപടി അതു മാത്രമായിരുന്നു ആദ്യഘട്ടത്തില്‍ ഇക്കാര്യത്തില്‍ ബിജെപിയുടെ പ്രതികരണം. കരാറില്‍ ഗുരുതരമായ അഴിമതി നടന്നു. ഇതേക്കുറിച്ച് ബിജെ.പി ഇപ്പോള്‍ പഠിച്ചു വരികയാണ്. വിശദമായ പഠിച്ച ശേഷം ഇക്കാര്യത്തില്‍ ബിജെ.പി. ഔദ്യോഗികമായി പ്രതികരിക്കും. ഇതായിരുന്നു പ്രകാശ് ജാവദേക്കറുടെ മറുപടി. പിന്നീട് രണ്ട് ദിവസത്തിനു ശേഷം ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി എല്‍.കെ അദ്വാനി ഒരിക്കല്‍കൂടി മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കുള്ള മറുപടിയായി ജാവ്ദേക്കര്‍ പറഞ്ഞ പല്ലവി ആവര്‍ത്തിച്ചു. കഴിഞ്ഞു ഇക്കാര്യത്തില്‍ ബിജെപിയുടെ ഔദ്യോഗിക പ്രതികരണം. എന്തായാലും ഇതുവരെയായും പ്രശനം പഠിച്ചു തീര്‍ന്നിട്ടില്ല ബി.ജെ.പി. എന്തുകൊണ്ട് ബിജെപി വിഷയത്തില്‍ വ്യക്തമായ നിലപാട് കൈക്കൊള്ളുന്നില്ല. ഇക്കാര്യത്തില്‍ ബിജെപി അവലംബിക്കുന്ന മൌനത്തിന്റെ അര്‍ത്ഥമെന്ത്..? ലളിതമാണ് ഇതിനുത്തരം. 2000ത്തില്‍ എന്‍ ഡി എ സര്‍ക്കാരിന്റെ കാലത്ത് ജോര്‍ജ്ജ് ഫര്‍ണ്ണാണ്ടസ് പ്രതിരോധമന്ത്രിയായിരിക്കെ കത്തിപ്പടര്‍ന്ന മറ്റൊരു അഴിമതിയാരോപണം. ഇതേ ഇസ്രായേലി കമ്പനിയുമായി അന്ന് നടന്ന മിസൈല്‍ ഇടപാട്. ഇപ്പോള്‍ സി.ബി.ഐ അന്വേഷിച്ചു വരുന്ന ബരാക്ക് മിസൈല്‍ ഇടപാട്. ഈ ഇടപാടിലെ പാപക്കറ ഇനിയും നീങ്ങിയിട്ടില്ല എന്നത് തന്നെയാണ് ബിജെ.പിയുടെ ഇപ്പോഴത്തെ മൌനത്തിന് അര്‍ത്ഥം. ഒപ്പം ഒരര്‍ത്ഥത്തില്‍ ബിജെപി നടത്തിയ പഴയ ഇടപാടിന്റെ തുടര്‍ച്ചതന്നെയാണ് ഇപ്പോഴത്തേത് എന്നുകൂടി മനസിലാക്കേണ്ടതുണ്ട്. അതിനാല്‍ തന്നെ ഈ അഴിമതിക്കെതിരെ പോയാല്‍ തങ്ങളുടെ കാലത്ത് നടന്ന അഴിമതിയെകൂടി അത് ബാധിക്കുമെന്ന് ബിജെപി ഭയക്കുന്നു. ഇപ്പോള്‍ നടന്നു വരുന്ന സി.ബിഐ അന്വേഷണത്തെകൂടി അത് ബാധിക്കും എന്ന് ബിജെപി ആശങ്കപ്പെടുന്നു.

സിപി.എമ്മാണ് കരാരിനെതിരെ തുടക്കം തൊട്ട് രംഗത്ത് വന്ന ഏക പാര്‍ട്ടി. അഴിമതിയാരോപണം പുറത്തു വന്ന് മൂന്നു ദിവസം കഴിഞ്ഞപ്പോള്‍ സി.പി.എം പോളിറ്റ്ബ്യൂറോ ഇക്കാര്യത്തില്‍ ഔദ്യോഗികമായി വാര്‍ത്താക്കുറിപ്പിറക്കി. പോളിറ്റ്ബ്യൂറോ അംഗം സീതാറാം യച്ചൂരിയുടെ വാര്‍ത്താ സമ്മേളനം. കരാറില്‍ അഴിമതി ആരോപണം ഉയര്‍ന്നുവന്ന സാഹചര്യത്തില്‍ കരാര്‍ നിര്‍ത്തിവച്ച് സി.ബിഐയെക്കൊണ്ട് അന്വേഷിപ്പിക്കണം എന്ന് സി.പി.എം ആവശ്യപ്പെട്ടു. ഒപ്പം കരാറിന്റെ പ്രാരംഭ ഘട്ടം തൊട്ട് കരാറിനെതിരെ അന്ന് യു.പി.എയുടെ ഭാഗം കൂടിയായിരുന്ന സി.പി.എം നടത്തി എന്നവകാശപ്പെടുന്ന ചില അവകാശവാദങ്ങളും. ഇസ്രായെലിനോട് സി.പി.എമ്മിനുള്ള പതിവ് എതിര്‍പ്പിനപ്പുറത്ത് ഈ ഇടപാട് എറ്റെടുക്കാന്‍‍ ഇപ്പോള്‍ സിപി.എമ്മിനെ പ്രേരിപ്പിച്ചഘടകമെന്ത്. ഒപ്പം കേരളത്തില്‍ മാത്രം ഇതിനെ സി.പി.എം ഒരു വിഷയമാക്കുന്നത് എന്തുകൊണ്ട്. ദേശീയതലത്തില്‍ മൂന്നാമുന്നണി നേതാക്കളേ സംഘടിപ്പിച്ച് നടത്തുന്ന ഒരു തെരഞ്ഞെടുപ്പ് റാലികളില്‍ പോലും ഒരു സി.പി.എം നേതാവും ഈ അഴിമതിയെക്കുറിച്ച് ഒന്നും മിണ്ടുന്നില്ല. എന്നാല്‍ കാസര്‍ക്കോട് തൊട്ട് തിരുവനന്തപുരം വരെ 20 മണ്ഡലങ്ങളില്‍ മാത്രം ഇത് ചര്‍ച്ച ചെയ്യപ്പെടുന്നു. കവലകള്‍ തോറുമുള്ള തെരഞ്ഞെടുപ്പുയോഗങ്ങളില്‍ ഓരോ പാര്‍ട്ടി സഖാവും വീറും വാശിയും പ്രകടിപ്പിക്കുന്നത് ഇസ്രായേലി ആയുധ ഇടപാടിലെ അഴിമതിയെചൊല്ലി. വ്യക്തമാണ് സി.പി.എം നിലപാട്. ലാവലിന്‍ അഴിമതിയെ നേരിടാന്‍ ഒരു ഉപാധി എന്നതിലപ്പുറം മറ്റൊന്നുമല്ല സി.പി.എമ്മിന്റെ ഇക്കാര്യത്തിലെ രാഷ്ട്രീയം. നേരത്തെ ലാവലിന്‍ വിഷയത്തില്‍ സിബിഐയിലുള്ള വിശ്വാസം നഷ്ടപ്പെട്ട പാര്‍ട്ടിയാണ് സി.പി.എം. ഇപ്പോള്‍ ഇസ്രായേലി ആയുധക്കരാര്‍ സിബിഐക്ക് വിടണമെന്നാണ് സി.പി.എം നിലപാട്. ഈ ഘട്ടത്തില്‍ സ്വാഭാവികമായും ഉയര്‍ന്നു വരുന്ന സംശയം ഇതാണ്; ലാവലിന്‍ കേസില്‍ സി.ബിഐയിലുള്ള വിശ്വാസ്യത നഷ്ടപ്പെട്ട സി.പി.എമ്മിന് എങ്ങിനെ ഈ ഒരു ആരോപണത്തിലെത്തി നില്ക്കുമ്പോള്‍‍ അത് തിരിച്ചു കിട്ടുന്നു..? എന്താണ് ഇതിന്റെയൊക്കെ അര്‍ത്ഥം? പിണറായി വിജയനെതിരെ ഉയര്‍ന്ന ലാവലിന്‍ അഴിമതി എങ്ങിനെ നേരിടണമെന്ന ആശങ്കയായിരുന്നു ഇക്കാലമത്രയും സിപി.എമ്മിന്. എന്നാല്‍ അതിനിടയില്‍ അപ്രതീക്ഷിതമായി വീണുകിട്ടിയ ഒരു കച്ചിതുരുമ്പാണ് സി.പി.എമ്മിന് ഇപ്പോള്‍ ഈ അഴിമതിയാരോപണം. അതില്‍ പിടിച്ച് കരകയറാം എന്നാണ് ഇപ്പോള്‍ പാര്‍ട്ടി കണക്കുകൂട്ടുന്നത്. ഇപ്പോള്‍ ഈ തെരഞ്ഞെടുപ്പുകാലത്ത് കേരളത്തിലെ അങ്ങാടി നിലവാരത്തില്‍ മാത്രം ഈ കരാര്‍ നിറഞ്ഞു നില്‍ക്കുന്നതും ഇതുകൊണ്ട് തന്നെ.

ഇതൊക്കെയാണ് ഇന്ന് ഇന്ത്യന്‍ ജനാധിപത്യം നേരിടുന്ന ഏറ്റവും വലിയ ദൌര്‍ഭാഗ്യാവസ്ഥ. ചരിത്രത്തിലിന്നോളം കണ്ടിട്ടുള്ളതില്‍ വന്ന ഏറ്റവും വലിയ അഴിമതി ആരോപണം വരുമ്പോളും ഈ അവസ്ഥ മാറുന്നില്ല എന്നതാണ് സത്യം. 600 കോടിയുടെ ഒരു അഴിമതി ആരോപണം ഉയര്‍ന്നു വരുമ്പോള്‍ അതിന്റെ യാഥാര്‍ത്ഥ്യം എന്താണ് എന്ന് അന്വേഷിക്കാന്‍ പോലും ആരും ശ്രമിക്കുന്നില്ല. പകരം യാഥാര്‍ത്ഥ വസ്തുതകള്‍ മറച്ചു വച്ച് കോണ്ട് തികച്ചും രാഷ്ട്രീയമായി മാത്രം ഇതിനെ സമീപിക്കുകയാണ് രാഷ്ട്രീയപാര്‍ട്ടികള്‍. വസ്തുതകള്‍ക്കപ്പുറത്ത് താല്‍ക്കാലിക ലാഭങ്ങള്‍ മാതമാണ് ഇപ്പോള്‍ ഇതിനെ എറ്റെടുത്തവര്‍ക്ക് പോലും ഉള്ളൂ എന്നതാണ് യാഥാര്‍ത്ഥ്യം.

Tuesday, April 7, 2009

ചെരിപ്പേറിന്റെ രാഷ്ട്രീയം.

ആത്മാധിമാനത്തിന്റെ ആള്‍ രൂപങ്ങളാണ് സിഖുമത വിശ്വാസികള്‍. അതിനേല്‍ക്കുന്ന ഒരു ചെറുപോറല്‍ പോലും ഒരു നീറ്റലായി കാലങ്ങളോളം കൊണ്ടു നടക്കുന്നവര്‍. രാജ്യം പലതവണ കണ്ടതാണ് അത്. ആദ്യം സ്വാതന്ത്ര്യ സമരകാലത്ത്. ജാലിയന്‍ വാല ബാഗിലെ കൂട്ടക്കൊല ആസൂത്രണം ചെയ്ത ബ്രിട്ടീഷ് സൈനിക ഉദ്യോഗസ്ഥന്‍ ജനറല്‍ ഡയര്‍ കൊല്ലപ്പെട്ടത് 21 വര്‍ഷങ്ങള്‍ക്ക് ശേഷം. നീറിപ്പുകയുന്ന മനസുമായി കാലങ്ങളോളം കാത്തിരുന്നു നടത്തിയ പ്രതികാരം. പിന്നെ 1984ല്‍. അമൃത്സറിലെ സുവര്‍ണ്ണക്ഷേത്രത്തില്‍ നടന്ന പട്ടാള ഓപ്പറേഷന്‍. വിഘടന വാദികളെ തുരത്താന്‍ ക്ഷേത്രത്തിനകത്ത് പട്ടാള ടാങ്കുകള്‍ കയറിയിറങ്ങിയപ്പോള്‍ വീണ്ടും സിഖ് മനസിലേറ്റ ഒരു നീറ്റലായി അത്. അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ കൊലപാതകത്തിലേക്കെത്തിച്ച നീറ്റലായിരുന്നു അത്. പിന്നീട് ഡല്‍ഹിയില്‍ അരങ്ങേറിയ സിഖ് വിരുദ്ധകൂട്ടക്കൊലയ്ക്ക് കൂടി അത് കാരണമായി എന്നതും ചരിത്രം. അതേ ചരിത്രം ഇപ്പോള്‍ ഈ തെരഞ്ഞെടുപ്പുകാലത്ത് ഒരിക്കല്‍കൂടി നീറിപ്പുകയുകയാണ്. ആ നീറ്റല്‍ ഇത്തവണ പ്രകടിപ്പിക്കപ്പെട്ടത് ഒരു ചെരുപ്പേറിന്റെ രൂപത്തിലാണെന്നുമാത്രം.

പഴയ സിഖ് വിരുധകലാപമന്വേഷിച്ച നാനാവതി കമ്മീഷന്‍ പ്രതിപ്പട്ടികയില്‍ ചേര്‍ത്ത ജഗദീഷ് ടൈറ്റ്ലറെ സി.ബി.ഐ കുറ്റക്കാരനല്ലെന്ന് പ്രഖ്യാപിച്ചപ്പോള്‍ ഒരിക്കല്‍ കൂടി സിഖ് വികാരം ഉണര്‍ന്നു. മാസങ്ങള്‍ക്ക് മുന്‍പ് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ്ജ് ബുഷിനോട് ഇറാഖിലെ ഒരു മാധ്യമപ്രവര്‍ത്തകന്‍ പ്രതികരിച്ച അതേ രീതിയില്‍. ചെരുപ്പേറിന്റെ രാഷ്ട്രീയം. ജഗദീഷ് ടൈറ്റ്ലര്‍ക്കനുകൂലമായ സി.ബി.ഐയുടെ നടപടി ഈ തെരഞ്ഞെടുപ്പുകാലത്ത് പഞ്ചാബി ജനത ഒന്നടങ്കം ഏറ്റെടുത്തിരിക്കുകയാണ്. കോണ്‍ഗ്രസ് സി.ബി.ഐയെ വിലയ്ക്കെടുക്കുന്നു എന്ന ഒരു പൊതു വികാരമാണ് ഇക്കാര്യത്തില്‍ സിഖ് മതവിശ്വാസികള്‍ക്കുള്ളത്. അതിനെതിരെയുള്ള ഒരു സ്വാഭാവിക പ്രതിഷേധം തന്നെയായിരുന്നു ആഭ്യന്തരമന്ത്രി ചിദംബരത്തിനെതിരായി ജര്‍ണ്ണാല്‍ സിങിന്റെ നടപടി. ജര്‍ണ്ണാല്‍ സിങ്ങിന്റെ പ്രതിഷേധം പഞാബിന്റെ മൊത്തത്തിലുള്ള പ്രതിഷേധം തന്നെയായിരുന്നു എന്ന് തെളിയിക്കുന്നതാണ് പിന്നെ ഡല്‍ഹിയില്‍ നടന്ന സിഖ് പ്രതിഷേധ പ്രകടനം. അഞ്ഞൂറിലേറെ സിഖ് മത വിശ്വാസികള്‍ അണിനിരന്നു പ്രകടനത്തില്‍. അക്ഷരാര്‍ത്ഥത്തില്‍ കോണ്‍ഗ്രസ്സിനെതിരെ തന്നെയായിരുന്നു ഇത്.


ഭീകരവാദത്തിനെതിരെ ഈ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സ് അവതരിപ്പിക്കാനുദ്ദേശിക്കുന്ന കര്‍മ്മ പദ്ധതികളുടെ പ്രകാശന ചടങ്ങ്. നയപ്രഖ്യാപനത്തിനു ശേഷം മാധ്യമപ്രവര്‍ത്തകരുടെ ചോദ്യശരങ്ങള്‍ക്ക് മറുപടി പറയുന്ന ആഭ്യന്തരമന്ത്രി. ഇടയ്ക്ക് ജര്‍ണ്ണേല്‍ സിങിന്റെ ഊഴം. സി.ബി.ഐ ജഗദീഷ് ടൈറ്റ്ലറെ കുറ്റവിമുക്തനാക്കിയത് ആഭ്യന്തരമന്ത്രിയുടെ കൂടി അറിവോടെയാണോ എന്നും കോണ്‍ഗ്രസ് സി.ബിഐയെ സ്വാധീനിച്ചില്ലെ എന്നും ചോദ്യം. സി.ബി.ഐ. ഒരു സ്വതന്ത്ര അന്വേഷണ ഏജന്‍സിയാണെന്നും, അതില്‍ ഇടപെടേണ്ടകാര്യമില്ല എന്നും ആഭ്യന്തരമന്ത്രിയുടെ മറുപടി. ഒപ്പം കേസ് ഇപ്പോള്‍ കോടതിയുടെ പരിഗണനയിലാ‍ണെന്നും. കോടതി ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും ചിദംബരം മറുപടി പറഞ്ഞു. ഇതില്‍ തൃപ്തനാകാത്ത ജര്‍ണ്ണാല്‍ സിങ്ങ് അടുത്ത ചോദ്യമിട്ടു. ഇനി തര്‍ക്കത്തിനില്ലെന്നു പറഞ്ഞ് ആഭ്യന്തരമന്ത്രി ഈ ചോദ്യത്തില്‍‍ നിന്ന് ഒഴിഞ്ഞുമാറി. പ്രകോപിതനായ ജാണ്ണേല്‍ സിങ് താനിതില്‍ പ്രതിഷേധിക്കുന്നു എന്ന് പറഞ്ഞ് ഷൂസ് ഊരി ചിദംബരമിരിക്കുന്നതിനടുത്തേക്ക് എറിയുന്നു. പകച്ച് നില്‍ക്കുന്ന മാധയ്യമപ്പട.


വര്‍ഷങ്ങളായി നീറിപ്പുകയുന്ന സിഖ് വികാരത്തിന്റെ സ്വാഭാവിക പ്രതികരണമായിരുന്നു അത് എങ്കിലും ഈ ചെരുപ്പേറിലുമുണ്ട് ഒരു രാഷ്ട്രീയം. ഈ തെരഞ്ഞെടുപ്പുകാലത്ത് വെറുമൊരു ചെരിപ്പേറിന് കൈവരുന്ന അപ്രതീക്ഷിതമായ ഒരു രാഷ്ട്രീയം. നീറുന്ന സിഖ് മനസുകള്‍ ഉറ്യര്‍ത്തിവിടുന്ന രാഷ്ട്രീയം. ഇതുതന്നെയാകും ഇത്തവണ പഞ്ചാബില്‍ കോണ്‍ഗ്രസിനിത്തവണ നേരിടേണ്ടി വരിക. ജഗദീഷ് ടൈറ്റ്ലറും പഴയ സിഖ് കൂട്ടക്കൊലയുമൊക്കെ ഒരു ദിവസം കൊണ്ട് ദേശീയ രാഷ്ട്രീയത്തിലെ ഏറ്റവും സുപ്രധാനമായ ചര്‍ച്ചാവിഷയങ്ങളിലൊന്നായി പരിണമിക്കുകയാണ്. ഈ രാഷ്ട്രീയം തന്നെയാണ് ജര്‍ണ്ണേല്‍ നിങ്ങിന്‍ രണ്ടര ലക്ഷം പ്രതിഫലം പ്രഖ്യാപിക്കുകവഴി അകാലി ദള്‍ മുന്നോട്ടു വച്ചിരിക്കുന്നത്. ഇറാഖില്‍ അമേരിക്കന്‍ പ്രസിഡന്റിനു നേരെ ചെരുപ്പെറിഞ്ഞ മാധ്യമപ്രവര്‍ത്തകന് മൂന്നു വര്‍ഷം തടവ് ലഭിക്കുമ്പോള്‍ ഇവിടെ ആഭ്യന്തരമന്ത്രിയെ ചെരിപ്പെറിഞ്ഞ മാധ്യമപ്രവര്‍ത്തകന്‍ ഒരു ജനവിഭാഗത്തിന്റെ മൊത്തം നായകനായി വാഴ്ത്തപ്പെട്ടതും ഈ രാഷ്ട്രീയത്തിന്റെ ഫലം തന്നെ.


Monday, April 6, 2009

മുറിവുണങ്ങാത്ത ആസാം.

ആസ്സാം. പുരാണത്തോളം പഴക്കമുള്ള നാട്. രാജസൂയത്തിനായുള്ള പടയോട്ടത്തില്‍ അര്‍ജുനന്‍ ഭഗദത്തനെ തോല്‍പ്പിച്ച് വിജയത്തിന്റെ വെന്നിക്കൊടി പാറിച്ച പ്രാഗ്ജ്യോതിഷമെന്ന പ്രദേശം. പുരാണം പിന്നിട്ട് 4ആം നൂറ്റാണ്ടില്‍ സമുദ്രഗുപ്തന്റെ കാലത്ത് പഴയ പ്രാഗ്ജ്ജ്യോതിഷം കാമരൂപമായി. ആരെയും മോഹിപ്പിക്കുന്ന നാട്. പക്ഷേ ഇന്ന് കഥമാറി. ഇന്നത്തെ ആസാം പഴയ കാമരൂപിയല്ല. ആരും കടന്നു ചെല്ലാന്‍ മടിക്കുന്ന നാടായി മാറി ഇത്. അസ്വസ്ഥതകള്‍ പുകയുന്ന നാട്. പൊട്ടി ത്തെറികളുടെ നാട്. പഴയ കാമരൂപത്തിന്റെ മുഖം പുറം നാട്ടുകാര്‍ക്കിന്ന് വികൃതമായേ കാണാന്‍ പറ്റുന്നുള്ളൂ. ഭീകരവാദം ഒരു നാടിനെ എത്രമാത്രം വികൃതമാക്കും എന്നു മനസിലാക്കാന്‍ ആസാമിന്റെ ഉള്‍ഞെരമ്പുകളിലെക്കിറങ്ങി ചെല്ലെണ്ട. പകരം ഈ നാടിന്റെ ഹൃദയത്തിലേക്ക് ചെല്ലുക. ഗുവാഹത്തിയിലേക്ക്. തകര്‍ന്ന നഗരം. വളരാന്‍ തുടങ്ങിയപ്പോളെല്ലാം ഭീകരവാദം വിലങ്ങു തടിയിട്ട നഗരം. ജീവനും സ്വത്തിനും സുരക്ഷയില്ലാതെ വീര്‍പ്പുമുട്ടുന്ന ഒരു ജനത. ഇവര്‍ ഒരിക്കല്‍കൂടി പോളിങ്ങ് സ്റ്റേഷനിലേക്ക് നീങ്ങുകയാണ്. വിധിയെഴുതാന്‍. സ്വസ്ഥമായ ജീവിതത്തിനു വിലങ്ങുതടിയാകുന്നവര്‍ക്കെതിരെ വിധിയെഴുതാന്‍. അതുകൊണ്ടുതന്നെ ഈ തെരഞ്ഞെടുപ്പ് കാലത്ത് മറ്റേതു വിഷയത്തേക്കാളുമുപരി ആസാമില്‍ ചര്‍ച്ച ചെയ്യപ്പെടുകയാണ് ഭീകരവാദം.


എഴുപതുകളുടെ അവസാനത്തിലാണ് അസാമില്‍ വിഘടനവാദം തലപൊക്കി തുടങ്ങിയത്. ആസ്സാമില്‍ കുടിയേറിപ്പാര്‍ക്കുന്ന ബംഗ്ലാദേശി പൌരന്മാരെ അവിടെ നിന്ന് കുടിയൊഴിപ്പിക്കണമെന്നാവശ്യപ്പെട്ട് ആദ്യഘട്ടത്തില്‍ ആസാമിലെ വിദ്യാര്‍ത്ഥി സംഘടനകള്‍ ഏറ്റെടുത്ത പ്രക്ഷോഭ പരമ്പരകള്‍. സമാധാനമായി തുടങ്ങിയ ഈ പ്രതിഷേധങ്ങള്‍ വളര്‍ന്ന് സംഘര്‍ഷഭരിതമായി. രക്തരൂക്ഷിതമായി. ഇടയ്ക്കെപ്പോളോ അതിന് തീവ്രവാദത്തിന്റെ രൂപം വച്ചു. ബോഡോ ഭീകരവാദമായി അത് വളര്‍ന്നു. പ്രത്യേക ബോഡോ സംസ്ഥാനം വെണമെന്നാവശ്യപ്പെട്ട് ബോഡോ വിഘടന വാദികള്‍ സംസ്ഥാനത്തഴിച്ചുവിട്ട നരനായാട്ട് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ഉറക്കം കെടുത്തി. ഏതാണ്ട് ഇതേകാലത്ത് തന്നെ ആസാമില്‍ മറ്റൊരു തീവ്രവാദ സംഘടനകൂടി വളര്‍ന്നു വന്നു. ഒരുപക്ഷേ ഇന്ന് ബോഡോ തീവ്രവാദികളെക്കാള്‍ അധികൃതരുടെ ഉറക്കം കെടുത്തുന്ന യുനൈറ്റഡ് ലിബറേഷന്‍ ഫ്രന്റ് എന്ന ULFA. പട്ടാളത്തേയും പോലീസിനേയും നിരന്തരം ലക്ഷ്യം വച്ച് ഉള്‍ഫ നടത്തിയ ആക്രമണങ്ങള്‍ ജനജീവിതം സ്തംഭിപ്പിച്ചു. 1986ല്‍ കേന്ദ്ര സര്‍ക്കാര്‍ ആസാമിനെ പ്രശ്ന ബാധിത മേഖലയായി പ്രഖ്യാപിച്ചു. പട്ടാളം അസാമില്‍ ക്രമസമാധാന പാലനത്തിന് നിയോഗിക്കപ്പെട്ടു. അന്നു തൊട്ട് തുടങ്ങിയ ഏറ്റുമുട്ടലുകള്‍. ഇല്ലാതായത് ആയിരക്കണക്കിന് ജീവനുകള്‍. ഇടക്കാലത്ത് വെടി നിര്‍ത്തല്‍ പ്രഖാപിച്ച് പിന്നണിയിലേക്ക് മാറിയ ഉള്‍ഫ തീവ്രവാദികള്‍ 2004ല്‍ വീണ്ടും തലപൊക്കി. സ്ഫോടനപരമ്പരകളുടെ നാടായി പിന്നെ ആസാം. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ മാത്രം ആസ്സാമിനെ പിടിച്ചു കുലിക്കിയത് 56 സ്ഫോടനങ്ങള്‍. 200 ലേറെ മരണം. 500ലേറെ പേര്‍ക്ക് പരിക്ക്. ഇതു കൊണ്ടും തീരുന്നില്ല കണക്കുകള്‍. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം മാത്രം 6 പൊട്ടിത്തെറികള്‍. ഇതില്‍ 5ഉം കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ.

ഇത്തരം കണക്കെടുപ്പുകളില്‍ പക്ഷേ ആസാം ജനതയ്ക്ക് ഇന്ന് താല്പര്യമില്ല. കുറെയേറെ തവണ അവര്‍ ഈ കണക്കെടുപ്പുകള്‍ കണ്ടുകഴിഞ്ഞു. കടലാസില്‍ മാത്രമൊതുങ്ങുന്ന കണക്കെടുപ്പ്. അവര്‍ക്ക് വേണ്ടത് സ്വസ്ഥതയാണ്. സമാധാനമാണ്. ആരുതരും അത്. ആസാം വിധിയെഴുത്തിനൊരുങ്ങിക്കഴിഞ്ഞു. 2 ഘട്ടങ്ങളിലായാണിത്തവണ ആസാമില്‍ വിധിയെഴുത്ത്. ആകെ 14 ലോകസഭാ മണ്ടലങ്ങള്‍. സംഘര്‍ഷ സാധ്യത കൂടുതലുള്ള മൂന്നിടത്ത് ആദ്യഘട്ട തെരെഞ്ഞെടുപ്പു നടക്കുന്ന ഏപ്രില്‍ 16ന്. ബാക്കി 11 ഇടത്ത് രണ്ടാം ഘട്ടമായി ഏപ്രില്‍ 23നും. ഉള്‍ഫ തെരഞ്ഞെടുപ്പ് അട്ടിമറിക്കുമെന്ന ഭീഷണി നിലനില്‍ക്കുന്കയാണ്. അതിനാല്‍ വിധിയെഴുത്ത് സേനയുടെ തോക്കിന്‍ കുഴലുകളുടെ‍ കാവലിലാണ്. ആസാമി ജനതയ്ക്ക് ഇത് പക്ഷേ തരുണ്‍ ഗോഗോയ് സര്‍ക്കാരിനെതിരെകൂടിയുള്ള വിധിയെഴുത്താണ്. സ്വസ്ഥ ജീവിതം ഉറപ്പാക്കാന്‍ കഴിയാത്ത സര്‍ക്കാരിനെതിരെ.


ഭീകരവാദം കഴിഞ്ഞാല്‍ സംസ്ഥാനത്ത് ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെടുന്നത് വികസനം തന്നെ. കാര്യമായ നേട്ടങ്ങളൊന്നും തരുണ്‍ ഗോഗോയ് സര്‍ക്കാരിന് ഇക്കാലയളവില്‍ ഉണ്ടാക്കുവാനായിട്ടില്ല. എതിരാളികള്‍ അക്കമിട്ട് നിരത്തുന്നതും ഈ വിഷയങ്ങളാണ്. പൊതുജനാരോഗ്യം, നഗര വികസനം, ഗ്രാമീണ വികസനം, വിദ്യാഭ്യാസം, പൊതു വിതരണ സമ്പ്രദായം, അടിസ്ഥാന സൌകര്യങ്ങള്‍ ഇങ്ങിനെ സമസ്ഥ മേഖലകളിലും കഴിഞ്ഞ കാലയളവില്‍ സംസ്ഥാനത്ത് കാര്യമായ പുരോഗതിയൊന്നുമുണ്ടായിട്ടില്ല എന്നാ‍ണ് പ്രതിപക്ഷത്തിന്റെ ആരോപണം. ഭീകരവാദത്തിന്റെ രാഷ്ട്രീയത്തിനൊപ്പം ഇതു കൂടിയാകുമ്പോള്‍ പിടിച്ചു നില്‍ക്കാനാകുന്നില്ല കോണ്‍ഗ്രസ്സിന്. പൊതുവിലുള്ള ഈ ഭരണവിരുദ്ധ വികാരത്തെ മറികടന്ന് ജനവിശ്വാസം എങ്ങിനെ തിരിച്ചു പിടിക്കുമെന്നറിയാതെ സംസ്ഥാനത്ത് കോണ്‍ഗ്രസ് നട്ടം തിരിയുകയാണ്.

കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ പൊതുവില്‍ നിലനില്‍ക്കുന്ന ഇത്തരം ജനവികാരം പരമാവധി മുതലെടുക്കുവാന്‍ എതിര്‍പക്ഷത്ത് ബി.ജെ.പിയും ആസാം ഗണ പരിഷത്തും(AGP) ഒരുങ്ങിക്കഴിഞ്ഞു. കഴിഞ്ഞ തവണ പതിനാലില്‍ 9 സീറ്റും വാരിക്കൂട്ടി മികച്ച പ്രകടനം കാഴ്ച വച്ച കോണ്‍ഗ്രസിന് ഇത്തവണ നില പരുങ്ങലിലാണ്. എന്നാല്‍ എ.ജിപിയും ബിജെപിയും ആത്മവിശ്വാസത്തിലാണ്. 2 വീതം സീറ്റുകളാണ് കഴിഞ്ഞ തവണ ഇരു പാര്‍ട്ടികളും സംസ്ഥാനത്ത് നേടിയത്. മുന്‍ കാലങ്ങളിലേതു പോലെ വേറിട്ടു നിന്നാല്‍ ഫലമില്ലെന്ന തിരിച്ചറിവില്‍ ഒരുമിച്ചാണ് ഇരു കൂട്ടരും ഇത്തവണ അങ്കത്തിനിറങ്ങുന്നത്. ആകെയുള്ള 14 സീറ്റില്‍ 8 ഇടത്ത് ബി.ജെ.പിയും ബാക്കി 6 ഇടത്ത് എ.ജി.പിയും മത്സരിക്കുന്നു. 2004ല്‍ 9 സീറ്റു നേടിയ കോണ്‍ഗ്രസ്സിന് അന്ന് സംസ്ഥാനത്ത് കിട്ടിയത് ആകെ 35.07 ശതമാനം വോട്ടുകള്‍. ഏ.ജി.പി.ക്കും ബി.ജെ.പിക്കും താരതമ്യേന കുറവായിരുന്നു വെങ്കിലും ഇരുപാര്‍ട്ടികളുടേതും ചേര്‍ന്നാല്‍ മൊത്തം വോട്ടുകളുടെ 43 ശതമാനത്തിലേറെ വരും ഇത്‍. ഇത്തവണ സംസ്ഥാനത്ത് ഇരുവരേയും ഒരുമിപ്പിച്ച ഘടകവും ഇതു തന്നെ. എന്തായാലും പൊതു ശത്രുവിനെ ഇക്കുറി എളുപ്പം മലര്‍ത്തിയടിക്കാമെന്ന ആത്മവിശ്വാസത്തില്‍ തന്നെയാണ് ഇവര്‍.

ദേശീയ തലത്തില്‍ ഈ തെരഞ്ഞെടുപ്പുകാലത്തെ പ്രധാന ചര്‍ച്ച വിഷയമായ മൂനാം മുന്നണി ഇത്തവണ ആസാമിലും സാനിധ്യമറിയിക്കുന്നുണ്ട്. വലിയ നേട്ടങ്ങളൊന്നും പ്രതീക്ഷിക്കുന്നില്ലെങ്കിലും സംസ്ഥാനത്തിത്തവണ ഒന്നിച്ചു നിന്നാല്‍ ചെറു നേട്ടങ്ങള്‍ ഉണ്ടാക്കാമെന്ന് ഇവര്‍ കണക്കു കൂട്ടുന്നു. ആസാം യുനൈറ്റഡ് ഡമോക്രാറ്റിക് ഫ്രന്റിന്റെ നേതൃത്വത്തിലാണ് പുതിയ മുന്നണി പടയ്ക്കിറങ്ങുന്നത്. ഒപ്പം ഇടതു പാര്‍ട്ടികളുമുണ്ട് എന്‍.സി.പിയുമുണ്ട് ഈ കൂട്ടയ്മ്മയില്‍. കോണ്‍ഗ്രസിനും. ബിജെപിക്കും ഒരു മൂന്നാം ബദല്‍ തേടുന്നവര്‍ തങ്ങളെ ഇത്തവണ തുണയ്ക്കുമെന്ന് തന്നെ ഇവര്‍ കണക്കു കൂട്ടുന്നു. നഷ്ടപ്പെടാന്‍ ഒന്നുമില്ല എന്ന തിരിച്ചറിവുകൂടി ഇവര്‍ക്കിവിടെ പ്രത്യാശ പകരുന്നുണ്ട്.

തെരഞ്ഞെടുപ്പിനു മുന്‍പ് നടന്ന ചില സര്‍വ്വേകളുടെ ഫലങ്ങളും കോണ്‍ഗ്രസ്സിനത്ര സുഖകരമായ കണക്കുകളല്ല നല്‍കുന്നത്. കഴിഞ്ഞ തവണ 14ല്‍ ഒന്‍പതും നേടി തിളക്കമാര്‍ന്ന വിജയം നേടിയ കോണ്‍ഗ്രസ്സിത്തവണ 5ല്‍ താഴെ ഒതുങ്ങിപ്പോയേക്കുമെന്നാണ് ആസ്സാം ട്രിബ്യൂണ്‍ അടക്കമുള്ള ചില മാധ്യമങ്ങള്‍ നടത്തിയ തെരഞ്ഞെടുപ്പു സ്ര്വ്വേഫലങ്ങള്‍ വ്യക്ത്മാക്കുന്നത്. മറുവശത്ത് ഒറ്റക്കെട്ടായി ഗോദ്ദായിലിറങ്ങുന്ന എ.ജി.പി ബി.ജെ.പി സഖ്യം മികച്ച നേട്ടമുണ്ടാക്കുമെന്നും തെരഞ്ഞെടുപ്പ് സര്‍വ്വേ വ്യക്തമാക്കുന്നു. ഈ കണക്കുകള്‍ ഉണ്ടാക്കുന്ന തലവേദന മറികടക്കാന്‍ കനത്ത മത്സരം കാഴ്ചവയ്ക്കാന്‍ ഒരുങ്ങുകയാണ് കോണ്‍ഗ്രസ്സ്. ആസാമില്‍ നിന്നുള്ള രാജ്യസഭാ എം.പി കൂടിയായ പ്രധാനമന്ത്രി മന്മോഹന്‍ സിങിനെയടക്കം പ്രചാരണത്തിനിറക്കി ഒരു കൈ പയറ്റി നോക്കാമെന്ന് കോണ്‍ഗ്രസ്സ് കണക്കുകൂട്ടുന്നു. എന്നാല്‍ ഇതൊന്നും പൊതുവിലുള്ള അവസ്ഥ മറികടക്കുന്നതല്ല എന്ന ആത്മവിശ്വാസത്തില്‍ തന്നെയാണ് എ.ജി.പി, ബി.ജെപി. സഖ്യം. ഒപ്പം ഭീകരവാദത്തിനെതിരായി വിധിയെഴുതാന്‍ ഒരുങ്ങുന്ന ആസാമി ജനത തങ്ങളെ തുണയ്ക്കുമെന്ന് അവര്‍ ഉറച്ചു വിശ്വസിക്കുന്നു. അതെന്തായാലും ഒന്നുറപ്പ് ആസാമിലിത്തവണ ഭീകരവാദത്തിനെതിരെ തന്നെയാകും വോട്ടെടുപ്പ്. ഭീകരവാദത്തെ നേരിടാന്‍ ആരാണ് കൂടുതല്‍ പ്രാപ്തര്‍ എന്ന് ജനങ്ങള്‍ തീരുമാനിക്കും. വിധിയെഴുത്ത്. അതിജീവനത്തിനു വേണ്ടിയുള്ള വിധിയെഴുത്ത്.

Sunday, April 5, 2009

പശ്ചിമ ബംഗാള്‍; ഈ തെരഞ്ഞെടുപ്പില്‍ സി.പി.എം നേരിടുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ വെല്ലുവിളി.


പശ്ചിമ ബംഗാള്‍. ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്ക് ഏറ്റവും വളക്കൂറുള്ള മണ്ണ്. കഴിഞ്ഞ 30 വര്‍ഷത്തിലേറെയായി തുടരുന്ന മേല്‍ക്കോയ്മ്മ ഇന്നും തുടരുകയാണ് ബംഗാളില്‍. എന്നാല്‍ പതിവിനു വിരുദ്ധമായി ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ ദേശീയ രാഷ്ട്രീയത്തിന്റെ മുഴുവന്‍ ശ്രദ്ധ പതിയുന്ന സംസ്ഥാനങ്ങളിലൊന്നാണ് ബംഗാള്‍. പശ്ചിമ ബംഗാളെന്ന ചെങ്കോട്ടയില്‍ സി.പി.എമ്മിന് അടിപതറുമോ..? ദേശീയ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസ്സിനും, ബിജെ.പിക്കും ഒരു മൂന്നാം ബദലെന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കാന്‍ പെടാപ്പാടുപെടുന്ന സി പി എമ്മിനതിനു സാധിക്കുമൊ..? ഈ ചോദ്യങ്ങള്‍ക്കുത്തരം തേടുന്നവരുടെയെല്ലാം കണ്ണുകള്‍ ചെന്നെത്തി നില്‍ക്കുന്നത് പശ്ചിമബംഗാളില്‍ തന്നെ. ബംഗാളില്‍ സി.പി.എമ്മിനടിപതറില്ല എന്ന് പാര്‍ട്ടി സഖാക്കളാവര്‍ത്തിച്ച് പറയുന്നുണ്ടെങ്കിലും ഇത്തവണ് ഈ പ്രഖ്യാപനങ്ങള്‍ക്ക് അത്ര ആത്മ വിശ്വസമില്ല എന്നത് വസ്തുതയാണ്. സംസ്ഥാനത്ത് ഇടതു കക്ഷികള്‍ക്ക് ഗണ്യമായിത്തന്നെ സീറ്റുകള്‍ കുറയുമെന്നാണ് വിലയിരുത്തല്‍. ഇക്കാര്യം രഹസ്യമായെങ്കിലും പാര്‍ട്ടി സഖാക്കള്‍ സമ്മതിക്കുന്നുമുണ്ട്. അങ്ങിനെ വന്നാല്‍ കഴിഞ്ഞ അഞ്ച് വര്‍ഷക്കാലം ദേശീയ രാഷ്ട്രീയത്തിന്റെ മൊത്തം ശ്രദ്ധാകേന്ദ്രമായിരുന്ന ഇടതുപക്ഷ രാഷ്ട്രീയത്തിന് ഏല്‍ക്കുന്ന ഏറ്റവും വലിയ തിരിച്ചടി കൂടിയാകുമത്. അതെന്തായാലും സി.പി.എം നേരിടുന്ന ചരിത്രപരമായ ഈ വെല്ലുവിളിതന്നെയാണ് ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ പശ്ചിമബംഗാളിനെ ശ്രദ്ധേയമാക്കുന്നത്. നന്ദിഗ്രാമിലെ വെടിവയ്പ്പിനു ശേഷം നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പ്, സിങ്കൂരില്‍ നിന്ന് കുടിയിറങ്ങിയ ടാറ്റായുടെ നാനോ ബാക്കി വയ്ക്കുന്ന ആശങ്കകള്‍, കോണ്‍ഗ്രസ്സും, മമതയും കൈകോര്‍ത്ത് സംസ്ഥാനത്ത് അവതരിപ്പിക്കുന്ന പുതിയ തെരെഞ്ഞെടുപ്പ് സമവാക്യം. എന്തായാലും ആശ്ങ്കകള്‍ മാത്രമാണ് സി.പി.എമ്മിനിത്തവണത്തെ തെരെഞ്ഞെടുപ്പ് കാലം നല്‍കുന്നത്.
മുന്‍പൊരിക്കലും അഭിമുഖീകരിച്ചിട്ടില്ലാത്ത ഒരു അവസ്ഥയാണ് ഇത്തവണ ബംഗാളില്‍ സി.പി.എം നേരിടുന്നത്. ഇതിനെ ചരിത്രത്തിലെ ഏറ്റവും വലിയ വെല്ലുവിളിയെന്ന് വിശേഷിപ്പിക്കുന്നത് തെറ്റല്ല എന്ന് സി.പി.എം പോലും വിശ്വസിക്കുന്നു. പലതാണ് സി.പി.എമ്മിന്റെ ചങ്കിടിപ്പ് കൂട്ടുന്ന ഘടകങ്ങള്‍. നന്ദിഗ്രാമിലെ കൃഷിയിടങ്ങള്‍ തൊട്ട് തുടങ്ങുന്നു ഈ വെല്ലുവിളികള്‍. നന്ദിഗ്രാമിലെ കൃഷിഭൂമികളില്‍ വെടിയേറ്റുവീണ കര്‍ഷകരുടെ ചോരപുരണ്ട മണ്ണില്‍ സി.പി.എമ്മിന് ഇത്തവണ കാലിടറുമോ..? ആശങ്കകള്‍ അസ്ഥാനത്തല്ല എന്ന് തെളിയിക്കുന്നതാണ് അടുത്തിടെ ഇവിടെ നടന്ന ഉപതിരഞ്ഞെടുപ്പ് ഫലം. ചെങ്കൊടിക്ക് വേരോട്ടമുള്ള ഈ മണ്ണില്‍ മമതയും കൂട്ടരും പാര്‍ട്ടി സഖാക്കളെ മലര്‍ത്തിയടിച്ചത് വന്‍ഭൂരിപക്ഷത്തിലാണ് എന്നതുകൂടി അറിയുമ്പോള്‍ സി.പി.എം ആശങ്കകള്‍ അസ്ഥാനത്തല്ല എന്നത് പകല്‍ വെളിച്ചം പോലെ വ്യക്തമാകും. കര്‍ഷകപ്രസ്ഥാനങ്ങളുടെ ഈ ചുവന്നമണ്ണില്‍ കര്‍ഷകര്‍ സി.പീമ്മിനെ തള്ളിപ്പറഞ്ഞ് തുടങ്ങിയിരിക്കുന്നു. ചെങ്കൊടിക്കുകീഴില്‍ ആത്മാഭിമാനത്തോടെ അണിനിരന്ന ഇവിടത്തെ ജന സാമാന്യം ഇപ്പോള്‍ ചെങ്കൊടിയെ അകറ്റി നിര്‍ത്തുന്നു. എന്ത് പറഞ്ഞ് ഈ മുന്‍പാര്‍ട്ടി സഖാക്കളെ തിരികെ കൊണ്ടുവരണമെന്നറിയാതെ നന്ദിഗ്രാമിലെ കണ്ണെത്താത്ത് വിസ്തൃതിയുള്ള നെല്പാടങ്ങളില്‍ പകച്ച് നില്‍ക്കുകയാണ് ഇന്ന് സി.പി.എം.

നന്ദിഗ്രാമില്‍ നിന്ന് സിങ്കൂരിലെത്തുമ്പോളും മറിച്ചൊരു ചിത്രമല്ല കാണാനാവുക. എല്ലാം നഷ്ടപ്പെട്ടവെരെപ്പോലെ ഇവിടെയുമിത്തവണ സി.പി.എം പോരിനിറങ്ങുകയാണ്. അടവുനയങ്ങള്‍ അടിയറവു വയ്ക്കേണ്ടി വരുമോ എന്ന ആശങ്കയില്‍. ഒന്നും തിട്ടപ്പെടുത്താനാകുന്നില്ല ഇവിടെ പാര്‍ട്ടിക്ക്. മറുഭാഗത്ത് ഉപതെരഞ്ഞെടുപ്പില്‍ നേടിയ തകര്‍പ്പന്‍ ജയം മമതാബാനര്‍ജിയെ വാനോളം ഉയര്‍ത്തുകയാണ്. നേരത്തെ സിങ്കൂരിലെ ടാറ്റാ ഫാക്ടറിക്കുമുന്നില്‍ സമരമിരിക്കാന്‍ ആളെ കിട്ടാത്തകാലമുണ്ടായിരുന്നു മമതയ്ക്ക്. പുറത്തുനിന്ന് ആളെയിരക്കി സമരം നടത്തേണ്ടി വന്ന കാലം. എന്നാലിന്ന് കഥ മാറി. സിങ്കൂരെന്നാല്‍ മമതയാണിന്ന്. പകച്ചു നില്‍ക്കുന്ന സിപി.എമ്മിന് പക്ഷേ പിടിച്ചു നില്‍ക്കാന്‍ കച്ചിതുരുമ്പ് പോലുമില്ല സിങ്കൂരില്‍. ടാറ്റാ പടിയിറങ്ങി. ഒപ്പം മികച്ച സംരംഭക സൊഹൃദ സംസ്ഥാനമാക്കി പശ്ചിമ ബംഗാളിനെ വള്ര്ത്തുക എന്ന സി.പി.എമ്മിന്റെ സ്വപ്നവും. എല്ലാത്തിനും ഹേതുവായത് സിങ്കൂര്‍ എന്ന ഒരു കൊച്ചു ഗ്രാമവും. നഷ്ടങ്ങള്‍ മാത്രം ബാക്കി. ചരിത്രപരമായ ഈ സമസ്യയെ നേരിടാനൊരുങ്ങുകതന്നെയാണ് സി.പി.എമ്മിപ്പോള്‍.

ഇതിനു മുന്‍പ് ബംഗാളില്‍ സി.പി.എം ഏറ്റവും വലിയ വെല്ലുവിളി നേരിട്ടത് രാജീവ് ഗാന്ധിയുടെ കാലത്തായിരുന്നു. ബംഗാളിനെ കമ്മ്യൂനിസ്റ്റ് ഭരണത്തില്‍ നിന്ന് മോചിപ്പിക്കുമെന്ന് പ്രഖ്യാപിച്ച് രാജീവ് ഗാന്ധി അന്ന് ബംഗാളിലവതരിപ്പിച്ച രാഷ്ട്രീയ സമവാക്യങ്ങളെ സി.പി.എം ഫലപ്രദമായി നേരിട്ടു. പാര്‍ട്ടി ഒന്നടങ്കം ഒറ്റക്കെട്ടായി നിന്ന് കോണ്‍ഗ്രസിന്റെ വെല്ലുവിളികളെ അതിജീവിച്ചു. പക്ഷേ അന്നത്തെ ചെറുത്തു നില്‍പ്പിന് പാര്‍ട്ടിക്ക് പിന്തുണയായി നിന്ന പലഘടകങ്ങളുമുണ്ടായിരുന്നു. ഒന്ന് പാര്‍ട്ടി എന്ന നിലയിലുള്ള കെട്ടുറപ്പ്. ആഞ്ഞടിച്ചാ‍ലും ഇളകിപ്പോകാത്ത അടിയുറപ്പ്. ജ്യോതിബസു എന്ന രാഷ്ട്രീയ അതികായന്റെ വ്യക്തിപ്രഭാവം. എന്നാല്‍ ഇന്ന് ഇത്തരം ഘടകങ്ങളൊന്നും ആശ്വാസം പകരുന്നില്ല. വിഭാഗീയത കേരളത്തിലേതുപോലെ മറനീക്കി പുറത്തു വന്നിട്ടില്ല എങ്കില്പോലും പരോക്ഷമായി പാര്‍ട്ടിക്ക് ഇതുണ്ടാക്കുന്ന അസ്വസ്ഥതകള്‍ ചെറുതൊന്നുമല്ല. താഴെതട്ടു മുതല്‍ക്കു തന്നെ ഈ വെല്ലുവിളി പ്രകടമാണ് എന്നതും പാര്‍ട്ടിക്ക് തലവേദന സൃഷ്ടിക്കുന്നുണ്ട്. എന്നാല്‍ ഇതൊക്കെ പരിഹരിച്ച് പടനയിക്കാന്‍ പറ്റിയ ഒരു ജന ‍നായകന്‍ ഇപ്പോളില്ല എന്നത് സി.പി.എം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ്. ‍പ്രായാധിക്യം ജോതിബസുവിനെ സജീവ രാഷ്ട്രീയത്തില്‍ നിന്ന് അകറ്റി നിര്‍ത്തുകയാണ്. ഈ നഷ്ടം എത്രവലുതെന്നുകൂടി മനസിലാക്കുന്നു സി.പി.എം. സംസ്ഥാന സെക്രട്ടറി ബിമന്‍ ബോസിനും, മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യയ്ക്കും ഇന്നും ജ്യോതിബസുവിനോളം ജനപിന്തുണയില്ല എന്നത് ചരിത്രപരമായ വസ്തുത തന്നെയാണ്.

അബ്ദുള്ള കുട്ടിമാര്‍ സിപി.എമ്മിന് കേരളത്തില്‍ മാത്രമല്ല തലവേദന സൃഷ്ടിക്കുന്നത് എന്നതും മറ്റൊരു വസ്തുതയാണ്. കേരളത്തില്‍ അബ്ദുള്ളകുട്ടി എന്താണോ അതുതന്നെയാണ് ബംഗാ‍ളില്‍ അബു മണ്ഡല്‍. രണ്ടുപേരും പാര്‍ട്ടിക്ക് അനഭിമതരായി പുറത്ത് പോകേണ്ടി വന്നവര്‍. ഒപ്പം മറുചേരിയില്‍ ചേര്‍ന്ന് പാര്‍ട്ടിക്ക് ഇപ്പോള്‍ വെല്ലുവിളി ഉയര്‍ത്തുന്നവര്‍. കണ്ണൂരില്‍ അബ്ദുള്ളക്കുട്ടി പാര്‍ട്ടി വിടുന്നത് ഒറ്റയ്ക്കായിരുന്നെങ്കില്‍ അബു മണ്ഡലിന്റെ പോക്ക് അങ്ങിനെയല്ല എന്നതാണ് പാര്‍ട്ടിക്ക് ആശങ്ക പകരുന്ന മറ്റൊരു വസ്തുത. ഒപ്പം ഒരുപറ്റം ന്യൂനപക്ഷ വോട്ടുകള്‍ കൂടി അബു മണ്ടലിനൊപ്പം പാര്‍ട്ടിക്ക് നഷ്ടമായി. ഖത്വാ മണ്ഡലത്തില്‍ നിന്ന് നിലവില്‍ എം.പിയായ അബുമണ്ഡല്‍ പാര്‍ട്ടി നേതൃത്വത്തിന് അനഭിമതനായിട്ട് കാലം കുറച്ചായി. ഒടുവില്‍ ഇത്തവണ സീറ്റ് നിഷേധിച്ചതോടെയാണ് അദ്ദേഹം പാര്‍ട്ടി ഓഫീസിന്റെ പ്ടിയിറങ്ങിയത്. ചെന്നു കയറിയത് ഇരുകയ്യും നീട്ടി ബംഗാളി ജനതയെ ഒന്നടങ്കം മാടി വിളിക്കുന്ന മമതയുടെ കൂടാരത്തിലേക്ക്. എന്തായാലും മുസ്ലീം വോട്ടുകള്‍ കൊഴിഞ്ഞു പോകാതിരിക്കാന്‍ പെടാപാടു പെടുന്ന പാര്‍ട്ടിക്ക് കനത്ത ആഘാതമാണ് അബു മണ്ഡലിന്റെ കൂറ്റുമാറ്റം.

മമതാ ബാനര്‍ജ്ജി തന്നെയാണ് ഇത്തവണ പശ്ചിമ ബംഗാളിലെ താരം. കമ്മ്യൂണിസ്റ്റ് വിരുദ്ധ സഖ്യങ്ങളുടെയെല്ലാം പോര്‍മുന മമത തന്നെ. മുന്‍പ് രാജീവ് ഗാന്ധിയുടെ നിര്‍ദ്ദേശത്തില്‍ സി.പീമ്മീനെതിരായി കോണ്‍ഗ്രസ്സ് നയിച്ച സമരപരമ്പരകളുടെ തുടര്‍ച്ചയാണ് മമത . സമര വീര്യം സിരകളില്‍ തുടിക്കുന്ന വ്യക്തിത്വം. നേതൃപാടവത്തിന്റെ ബംഗാളി തനിമയുള്ള സ്ത്രീരൂപം. മമതാ ബാനര്‍ജ്ജി തയ്യാറെടുക്കുകയാണ് പാര്‍ട്ടി സഖാക്കളെ അവരുടെ കോട്ടയില്‍ തന്നെ മലര്‍ത്തിയടിക്കാന്‍. ചുരുങ്ങിയത് സി.പി.എമ്മിനെ പകുതി സീറ്റുകളിലേക്കെങ്കിലുമൊതുക്കാനാകുമെന്ന് അവര്‍ ‍കണക്കുകൂട്ടുന്നു. അതിനുള്ള തന്ത്രങ്ങളുടെ അവസന മിനുക്കുപണിയും അവര്‍ പൂര്‍ത്തിയാക്കി കഴിഞ്ഞു. ഒപ്പം കോണ്‍ഗ്രസ്സിന്റെ കൂടി പിന്തുണ കിട്ടുമ്പോള്‍ ഇത്തവണ മമതയുടെ തന്ത്രങ്ങള്‍ക്ക് മൂര്‍ച്ഛ കൂടുമെന്ന വിലയിരുത്തലിലാണ് പൊതുവില്‍ രാഷ്ട്രീയ നിരീക്ഷകര്‍. ആകെയുള്ള 42 സീറ്റുകളില്‍ 28 ഇടത്ത് മമതയുടെ തൃണമുല്‍ കോണ്‍ഗ്രസ്സും ബാക്കി 14 ഇടത്ത് കോണ്‍ഗ്രസ്സും മത്സരിക്കുന്നു. ചരിത്ര നേട്ടം പടി വാതുക്കലെന്നാണ് മമതയുടെ വിലയിരുത്തല്‍. വലിയ ഒരു അട്ടിമറിക്ക് കാര്യമായ സാധ്യത ഇല്ല എങ്കിലും ഇടത് മേല്‍ക്കോയ്മ്മയ്ക്ക് കനത്ത് ഭീഷണി സൃഷ്ടിക്കാന്‍ എന്തായാലും ഇത്തവണ മമതയ്ക്കാവും. ഇടതു കൂട്ടായ്മയുടെ അങ്കബലം മുന്‍ കാലങ്ങളിലെതില്‍ നിന്ന് പകുതിയെങ്കിലുമാക്കി ചുരുക്കാനും ചിലയിടങ്ങളിലെങ്കിലും അട്ടിമറികള്‍ സൃഷ്ടിക്കാനും ആകുമെന്ന് മമത് കണക്കുകൂട്ടുന്നു. ബംഗാളി ഭദ്രാലോകിന്റെയും, മഹേശ്വതാ ദേവിയെപ്പോലുള്ള പല പ്രമുഖരുടേയും പിന്തുണ ഇത്തവണ മമതയ്ക്കൊപ്പമെന്നതും സി.പി.എമ്മിനെ സംബന്ധിച്ചിടത്തോളം അത്ര സുഖകരമായ വാര്‍ത്തകളല്ല . ഒപ്പം പ്രണാബ് മുഖര്‍ജിയുടെ നേതൃതത്തിലുള്ള കോണ്‍ഗ്രസ്സിനും ഇത്തവണ പതിവിലും കൂടുതല്‍ വീറും വാശിയുമുണ്ട്. ബംഗാളിലെ ഇടത് ഭരണത്തിന്റെ 30 വര്‍ഷത്ത്ന്റെ കണക്കെടുപ്പു നടത്തി ഓരോ വീഴ്ചകളും എണ്ണിയെണ്ണിപ്പറഞ്ഞു കൊണ്ടാണ് മുഖര്‍ജ്ജി ഇത്തവണ തെരഞ്ഞെടുപ്പ് ഗോദ്ദായിലിറങ്ങുന്നത്. ഒപ്പം കഴിഞ്ഞ 3 പതീറ്റാണ്ടുകാലമായി വിദ്യാഭ്യാസം, ക്രമസമാധാന പാലനം, ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം, തൊഴിലില്ലായ്മ്മ പരിഹരിക്കല്‍ ആരൊഗ്യരംഗത്തെ വികസനം തുടങ്ങി അടിസ്ഥാന കാര്യങ്ങളില്‍ എല്ലാം ബംഗാള്‍ പിറകോട്ട് പോകുന്നു എന്ന് സമര്‍ത്ഥിക്കുവാനും പ്രണാബ് മടിക്കുന്നില്ല. ഇവയെല്ലാം ഇത്തവണ ബംഗാളില്‍ വിധിയെഴുതുമെന്ന് അദ്ദേഹം വിശ്വസിക്കുന്നു.


എന്തായാലും സി.പി.എം ചരിത്രത്തിലെ ഏറ്റവും വലിയ വെല്ലുവിളി നേരിടുന്ന ഒരുഘട്ടമാണ് ഈ കടന്നു പോകുന്നത്. ഇക്കാര്യം ബംഗാളിലെ ജനസാമാന്യം പോലും സമ്മതിക്കുന്നുമുണ്ട് ഇപ്പോള്‍. അതിനാല്‍ തന്നെ പശ്ചിമബംഗാളില്‍ ഇത്തവണ വിധിയെഴുത്ത് സി.പി.എമ്മിനുകൂടിയാണ്. ഈ കടുത്ത വെല്ലുവിളി സി.പി.എമ്മിന് അതി ജീവിക്കേണ്ടത് ഇതുകൊണ്ട് തന്നെ പരമ പ്രധാനവുമാണ്. അതിനാല്‍ ചരിത്രപരമായ ഈ വെല്ലു വിളിയെ ചരിത്രപരമായ വിജയമാക്കുവാനാണ് ഇപ്പോള്‍ സി.പി.എം ഒരുങ്ങുന്നത്. പൊതുവില്‍ നിലനില്‍ക്കുന്ന അനുകൂല തരംഗം പരമാവധി മുതലെടുക്കാന്‍ മമതയുടെയും പ്രണാബിന്റെയും നേതൃത്വത്തിലുള്ള മറുപക്ഷവും തയാറെടുത്തു കഴിഞ്ഞു. അതിനാല്‍ത്തന്നെ ബംഗാളിലിത്തവണ തെരെഞ്ഞെടുപ്പില്‍ തീപാറുമെന്നുറപ്പ്. അങ്ങിനെ വന്നാല്‍ ചരിത്രപരമായ ഒരു മത്സരം കൂടിയാകുമത്. കാത്തിരിക്കാം ഫലമറിയാന്‍ മെയ് 16 വരെ.